ന്യൂഡൽഹി : ചൈനീസ് ഹാക്കർമാരുടെ വലയിലകപ്പെട്ടത് പതിനായിരത്തിലേറെ ഇന്ത്യക്കാർ. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇവർക്ക് നഷ്ടമായത് 700 കോടി രൂപയാണ്. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് ഹാക്കർമാരുൾപ്പെട്ട തട്ടിപ്പ് സംഘത്തെ ഹൈദരാബാദ് പോലീസ് കണ്ടെത്തി. ലെബനൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെസബുള്ള എന്ന തീവ്രവാദ സംഘടനയുടെ അക്കൗണ്ടുകളിലേക്കാണ് ഈ പണം എത്തിയത്. ദുബായ് വഴി ചൈനയിലേക്കാണ് ഈ പണം എത്തുന്നത് പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ ക്രൈം യൂണിറ്റുകൾക്കും നൽകിയിട്ടുണ്ട്.
ഉയർന്ന ശമ്പളം വാങ്ങുന്ന സോഫ്റ്റ്വെയർ ഉദ്യോഗസ്ഥർ വരെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇവരിൽ നിന്നും 82 ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടതെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ സി വി ആനന്ദ് അറിയിച്ചു. ഈ പണത്തെ ക്രിപ്റ്റോകറൻസിയാക്കി മാറ്റി ഭീകര സംഘടനയുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേർ അറസ്റ്റിലായിട്ടുണ്ട്. ഹൈദരാബാദിൽ നിന്ന് നാല് പേരും മുംബൈയിൽ നിന്ന് മൂന്ന് പേരും, അഹമ്മദാബാദിൽ നിന്ന് രണ്ട് പേരുമാണ് അറസ്റ്റിലായത്. ആറ് പേർക്കായി ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഏപ്രിലിലാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചത്. 28 ലക്ഷം നഷ്ടപ്പെട്ടതായി ഒരു യുവാവ് പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് നടപടി ആരംഭിച്ചത്. പാർട്ട് ടൈമായി ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് ഇയാളെ സംഘം കബളിപ്പിച്ചത്. ടെലഗ്രാം, വാട്സ് ആപ്പ് വഴി മറ്റൊരാൾക്ക് ആറ് ലക്ഷത്തോളം രൂപ നഷ്ടമായി. പല രീതികളിലാണ് ഇവർ തട്ടിപ്പ് നടത്തിവരുന്നത്. 113 ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. പല അക്കൗണ്ടുകളിലേക്ക് പോകുന്ന പണം പിന്നീട് ക്രിപ്റ്റൊകറൻസിയാക്കി മാറ്റുകയാണ് സൈബർ ക്രിമിനലുകളുടെ രീതി. പിന്നീട് ഇത് ദുബായ് വഴി ചൈനയിലേക്ക് കടത്തും. ചൈനീസ് ഹാക്കർമാരാണ് ഇതിന് പിന്നിലെന്നും ഇന്ത്യൻ സിം കാർഡ് ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ അക്കൗണ്ട് മുനാലർ എന്ന ആളുടെ ഫോൺ നമ്പറുമായി ബന്ധിപ്പിച്ചിരുന്നു. അരുൾ ദാസ്, ഷാ സുമേർ, സമീർ ഖാൻ എന്നിവരുമായി ചേർിന്ന് ഇയാൾ 33 കടലാസ് കമ്പനികളുടെ പേരിൽ 65 അക്കൗണ്ടുകൾ ആരംഭിച്ചു. ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ്, ഇതിലേക്ക് രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചാണ് പ്രതികളെ വലയിലാക്കിയത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. മറ്റ് മൂന്ന് പേരും തട്ടിപ്പിൽ പങ്കാളികളാണെന്ന് ഇവർ പറഞ്ഞതായി പോലീസ് അറിയിച്ചു. ചൈനീസ് സ്വദേശികളായ കെവിൻ ജുൺ, ലീ ലോ ലാങ്‌സോ, സാഷ എന്നിവരാണ് ഈ 65 അക്കൗണ്ടുകളുടെ മാസ്റ്റർബ്രെയിൻ എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 128 കോടിയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ യുവാക്കളെയും ഐടി പ്രൊഫഷണനുകളെയും ഉപയോഗിച്ച് ചൈനീസ് കമ്പനികളാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
Discussion about this post