ന്യൂഡൽഹി:പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കേസിൽ അറസ്റ്റിലായ 49 പ്രതികളാണ് കുറ്റക്കാരെന്ന് കോടതി നിരീക്ഷിച്ചത്. കേസിൽ നവംബറിൽ വിചാരണ ആരംഭിക്കുമെന്നും കോടതി ഉത്തരവിട്ടു.
അഡീഷണൽ സെഷൻസ് ജഡ്ജി പുലസത്യ പ്രമചലയാണ് ഉത്തരവിട്ടത്. പോലീസ് സമർപ്പിച്ച തെളിവുകളിൽ നിന്നും പ്രതികൾ കുറ്റം ചെയ്തതായി കോടതിയ്ക്ക് വ്യക്തമായി. ഇതോടെയായിരുന്നു ഇവർക്ക് മേൽ കുറ്റം ചുമത്തിയത്. പ്രതികളിൽ ഒരാളെ കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിൽ പ്രതികളിൽ ഒരാളായ മൊഹ്ദ് അഫ്താബിനെയായിരുന്നു കോടതി വെറുതെ വിട്ടത്. തെളിവുകൾ പരിശോധിക്കുമ്പോൾ പ്രതികൾ കുറ്റം ചെയ്തതായി വ്യക്തമാകുന്നുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
വടക്ക് – കിഴക്കൻ ഡൽഹിയിൽ 2020 ഫെബ്രുവരി 24 ന് ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പ്രതികൾ അറസ്റ്റിലായത്. നിയമത്തിനെതിരെന്ന പേരിൽ വ്യാപക ആക്രമണം ആയിരുന്നു പ്രതികൾ നടത്തിയത്. സംഭവത്തിൽ ഫെയർ ഡീൽ കാർ ഷോറൂമിലെ തൊഴിലാളികളാണ് പരാതി നൽകിയത്.
കേസിൽ 51 പ്രതികളാണ് ആണ് ഉളളത്. ഇതിൽ ഒരാളെ ഇനിയും പിടികൂടാനുണ്ട്.









