ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് ഇൻഡിയ എന്ന് പേരിട്ട നടപടിക്കെതിരെ പരിഹാസം കലർന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദർശശൂന്യമായ സഖ്യമാണ് പ്രതിപക്ഷത്തിന്റേത്. ദീർഘകാലം പ്രതിപക്ഷത്തിരിക്കാനുള്ള പദ്ധതികളാണ് അവർ ഇപ്പോൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തിന് രാജ്യത്തിന്റെ പേരിട്ടത് തെറ്റിദ്ധാരണ പരത്താനാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരിനൊപ്പവും ഇന്ത്യ ഉണ്ടായിരുന്നു. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഭീകര സംഘടനകളായ ഇന്ത്യൻ മുജാഹിദ്ദീന്റെയും പോപ്പുലർ ഫ്രണ്ടിനെയും പേരുകൾക്കൊപ്പവും ഇന്ത്യ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാർ സ്ഥാപിച്ച ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരിലും ഇന്ത്യ ഉണ്ടായിരുന്നു എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മണിപ്പൂർ വിഷയത്തിൽ സ്വീകരിച്ച നടപടികൾ ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ വിശദീകരിക്കും എന്നാണ് സൂചന. മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ ചർച്ചയാകാമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരത്തേ അറിയിച്ചിരുന്നു. എന്നാൽ പ്രതിപക്ഷം ഇപ്പോഴും സഹകരിക്കാതെ സഭാനടപടികൾ അലങ്കോലമാക്കുന്നതിൽ ബിജെപി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
Discussion about this post