പത്തനംതിട്ട: ആറന്മുളയിൽ വനവാസിയായ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ മർദ്ദിച്ചതായി പരാതി. എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്‌കൂളിലെ മൂന്നാം ക്ലാസുകാരിയാണ് അദ്ധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തിൽ അദ്ധ്യാപകൻ ബിനോജിനെതിരെ പോലീസ് കേസ് എടുത്തു.
ഹോംവർക്ക് ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു അദ്ധ്യാപകൻ കുട്ടിയെ മർദ്ദിച്ചത്. ചൂരൽ ഉപയോഗിച്ച് കയ്യിൽ നിരവധി തവണ ആഞ്ഞ് അടിക്കുകയായിരുന്നു. ശിക്ഷാ നടപടിയെന്നോണം വിദ്യാർത്ഥികളുടെ മുൻപിൽ വച്ച് തറയിൽ ഇരുത്തിയെന്നും ആരോപണമുണ്ട്.
മർദ്ദനത്തിൽ പരിക്കേറ്റ കുട്ടി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കൈകൾക്കാണ് സാരമായ പരിക്കുള്ളത്. സംഭവത്തിൽ ആറന്മുള പോലീസാണ് കേസ് എടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും, ഐപിസി 324 പ്രകാരവുമാണ് ബിനോജിനെതിരെ കേസ് എടുത്തിട്ടുള്ളത്.
Discussion about this post