ന്യൂഡൽഹി : ആൺസുഹൃത്തിനെ കാണാൻ പാകിസ്താനിലേക്ക് പോയ രാജസ്ഥാനി സ്വദേശി അഞ്ജു എത്തിച്ചേർന്നത് രാജ്യത്തെ ഏറ്റവും അപകടം പിടിച്ച സ്ഥലത്താണ്. കൊടും ഭീകരർ തിങ്ങിപ്പാർക്കും, പാക് സൈന്യം പോലും പോകാൻ ഭയക്കുന്ന ഖൈബർ പഖ്തൂൺഖ്വ എന്ന സ്ഥലത്താണ് അഞ്ജു ഇപ്പോൾ എത്തിയിരിക്കുന്നത്. ഭീകരർ കൊടികുത്തി വാഴുന്ന പ്രദേശത്തേക്കാണ് അഞ്ജു പോയിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
തെഹ്‌രീക് ഇ താലിബാൻ അല്ലെങ്കിൽ പാകിസ്താൻ താലിബാൻ എന്ന ഭീകര സംഘടനയുടെ പ്രവർത്തനങ്ങൾ നടക്കുന്നത് ഖൈബർ പഖ്തൂൺഖ്വയിൽ നിന്നാണ്. അതുകൊണ്ട് തന്നെ പാക് സൈന്യത്തിന് പോലും പ്രദേശത്തേക്ക് കടക്കാൻ ഭയമാണ്.
മലാല യൂസഫ്‌സായിക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നിൽ പാകിസ്താൻ താലിബാൻ ഭീകര സംഘടനയായിരുന്നു. 2014 ഡിസംബർ 16ന് പെഷവാറിലെ സൈനിക് സ്‌കൂൾ ആക്രമിച്ച് 126 കുട്ടികളെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തവും ഭീകര സംഘടന ഏറ്റെടുത്തിരുന്നു. എന്നാൽ ഇവിടെ താൻ വളരെ സന്തോഷത്തിലാണെന്നാണ് അഞ്ജു പറയുന്നത്.
2019 ലാണ് അഞ്ജു പാകിസ്താൻ സ്വദേശിയായ നസറുള്ളയും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. അന്ന് മുതൽ യുവതി പാകിസ്താനിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ജോലിക്ക് വിദേശത്തേക്ക് പോകണം എന്നാവശ്യപ്പെട്ട് 2020 ൽ പാസ്‌പോർട്ട് എടുത്തിരുന്നു.
ജയ്പൂരിലേക്ക് പോകുകയാണെന്ന് ഭർത്താവിനോട് കള്ളം പറഞ്ഞാണ് അഞ്ജു വീടുവിട്ട് ഇറങ്ങിയത്. തുടർന്ന് ഭിവാദിയിൽ നിന്ന് ഡൽഹിയിലേക്കും അവിടെ നിന്ന് അമൃത്സറിലേക്കും പോയി. വാഗാ അതിർത്തി കടന്നാണ് അഞ്ജു പാകിസ്താനിലെത്തിയത്.
സ്വന്തം ഇഷ്ടപ്രകാരമാണ് താൻ പാകിസ്താനിലെത്തിയതെന്നും കുറച്ച് ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്നും അഞ്ജു പറഞ്ഞു. ”ഞാൻ ഇവിടെ സുരക്ഷിതയാണ്. ഒരു പ്രശ്‌നവുമില്ല. ഇവിടേക്ക് വന്നത് പോലെ തന്നെ തിരിച്ചെത്തും. എന്റെ ബന്ധുക്കളെയും കുട്ടികളെയും ഉപദ്രവിക്കരുത് എന്ന് അപേക്ഷിക്കുന്നു” അഞ്ജു പറഞ്ഞു. നിങ്ങൾക്ക് എന്ത് ചോദിക്കണമെങ്കിലും തന്നെ ബന്ധപ്പെടാമെന്നും അഞ്ജു കൂട്ടിച്ചേർത്തു.
അതേസമയം അഞ്ജു ഓഗസ്റ്റ് 20 ന് ഇന്ത്യയിലേക്ക് തിരികെ എത്തുമെന്നാണ് നസറുള്ള പറഞ്ഞത്. വിവാഹം കഴിക്കാനൊന്നും താത്പര്യമില്ലെന്നും അഞ്ജു പാകിസ്താൻ ചുറ്റിക്കാണുകയാണെന്നും നസറുള്ള വ്യക്തമാക്കി.
Discussion about this post