ന്യൂഡൽഹി : ഇന്ന് കാർഗിൽ വിജയ് ദിവസ്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ എത്തിയ പാക് സൈന്യത്തെ തുരത്തിയോടിച്ചുകൊണ്ട് രാജ്യം നേടിയ വിജയത്തിന് ഇന്ന് 24 വയസ് തികയുകയാണ്. കാർഗിൽ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട രാജ്യത്തിന്റെ ധീരയോദ്ധാക്കളെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് ജൂലൈ 26 കാർഗിൽ വിജയ് ദിവസ് ആയി ആചരിക്കുന്നത്.
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് കാർഗിൽ ദിവസ്. ഇന്ത്യൻ ഭൂമിയിലേക്ക് പാകിസ്താൻ സൈന്യം നുഴഞ്ഞുകയറിയതാണ് യുദ്ധത്തിന് തുടക്കം കുറിച്ചത്. അയ്യായിരത്തോളം സൈനികർ അതിർത്തി ലംഘിച്ച് അന്ന് ഇന്ത്യയിലെത്തി. ഓപ്പറേഷൻ ബദർ എന്ന പേരിൽ ഇന്ത്യൻ പ്രദേശങ്ങൾ വെട്ടിപ്പിടിക്കാനായിരുന്നു പാകിസ്താന്റെ നീക്കം. ശ്രീനഗർ- കാർഗിൽ ലേ ഹൈവേ ഉൾപ്പെടെ നിർണ്ണായക പ്രദേശങ്ങൾ അധീനതയിലാക്കാൻ വേണ്ടി അവർ മഞ്ഞുമലകൾക്കിടയിൽ ഒളിച്ചിരുന്ന് പദ്ധതിയിട്ടു.
പാക് സൈനികരുടെ സാന്നിദ്ധ്യം മനസിലാക്കിയതോടെ അവരെ തുരത്താൻ ഇന്ത്യ ഓപ്പറേഷൻ വിജയ് എന്ന പേരിൽ പ്രത്യാക്രമണം ആരംഭിച്ചു. 1999 മെയ് എട്ട് മുതൽ ജുലൈ 26 വരെ ജമ്മുകശ്മീരിലെ കാർഗിലിൽ ആണ് യുദ്ധം നടന്നത്. 72 ദിവസത്തോളം നീണ്ടുനിന്ന യുദ്ധത്തിൽ കര, നാവിക, വ്യോമസേനകൾ പങ്കാളികളായി. ഇന്ത്യൻ മണ്ണ് തട്ടിയെടുക്കാൻ വന്ന പാകിസ്താൻ സൈന്യം ഇന്ത്യയുടെ കരുത്തറിഞ്ഞതോടെ ലജ്ജിച്ച് പിന്മാറുകയായിരുന്നു.
1999 ജൂലൈ 14 ന് ഇന്ത്യ വിജയം കൈവരിച്ചതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26 ന് യുദ്ധം അവസാനിച്ചതായി അദ്ദേഹം അറിയിച്ചു. അന്ന് ഇന്ത്യ കാർഗിലിൽ വിജയക്കൊടി നാട്ടി.
527 ധീരസൈനികരെയാണ് അന്ന് രാജ്യത്തിന് നഷ്ടമായത്. പാകിസ്താന്റെ 1200 സൈനികരും യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
അന്ന് മുതൽ ജൂലൈ 26 ഇന്ത്യ കാർഗിൽ വിജയ് ദിവസ് ആയി ആചരിക്കാൻ തുടങ്ങി. നാടിന് വേണ്ടി ജീവൻ ബലിയർപ്പിച്ച് ധീരജവാന്മാർക്ക് രാജ്യം പ്രണാമങ്ങൾ അർപ്പിക്കുന്നു.
Discussion about this post