കാർഗിലിൽ നുഴഞ്ഞു കയറിയ ശത്രുസൈന്യത്തെ തുരത്തി ഇന്ത്യയുടെ മണ്ണ് തിരിച്ചുപിടിച്ച് ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമ്മയാണ് കാർഗിൽ വിജയ് ദിവസ്്. 84 ദിവസം നീണ്ടു നിന്ന ഇന്ത്യ പാകിസ്താൻ യുദ്ധത്തിൽ 527 ധീരസൈനികരെയാണ് നമുക്ക് നഷ്ടപ്പെട്ടത്. രാജ്യത്തിന്റെ അഭിമാനം കാക്കാനായി പോരാടിയ ഓarmy
രോ സൈനികരേയും ഓരോ വർഷവും കാർഗിൽ വിജയ് ദിവസിൽ രാജ്യം അനുസ്മരിക്കുന്നു.
രാജ്യത്തെ സംരക്ഷിക്കാനായി വീരമൃത്യു വരിച്ച ധീര സൈനികരിൽ ഒരാളായിരുന്നു തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി ക്യാപ്റ്റൻ ജെറി പ്രേംരാജ്. രാജ്യം തന്നേയേൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റാനായി പോരാടുമ്പോൾ ആർമിയിൽ ഫോർവേഡ് ഒബ്‌സർവേഷൻ ഉദ്യോഗസ്ഥനായിരുന്നു ജെറി. തന്റെ ഒന്നാം വർഷ ബിരുദത്തിനിടെയാണ് അദ്ദേഹത്തിന് വ്യോമസേനയിൽ ജോലി ലഭിച്ചത്. സൈന്യത്തിൽ നിന്ന് തന്നെ ബിരുദം എഴുതിയെടുത്തു. ഡിഫൻസ് അക്കാദമിയിലെ ടെസ്റ്റും പാസായി. പിന്നീട് ആറുവർഷത്തിനു ശേഷം കരസേനയുടെ ഭാഗമായി.
1999 ഏപ്രിൽ 22 ന് ആയിരുന്നു ജെറിയുടെ വിവാഹം നടന്നത്. 1999 മെയ് മൂന്നിനാരംഭിച്ച കാർഗിൽ യുദ്ധത്തിൽ ഇരുഭാഗവും ശക്തമായി പോരടിക്കുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ അഭിമാനം കാക്കാൻ ജെറി സൈന്യത്തോടൊപ്പം വീണ്ടും ചേരുന്നത്. ഇന്ത്യൻ ആർമിയിൽ നിന്നും മെയ് 26 ന് വന്ന ഡ്യൂട്ടി കോളിന് മറുപടി നൽകി, മധുവിധു അവധി സ്വമേധയാ വേണ്ടെന്നു വെച്ച് യുദ്ധമുഖത്തേയ്ക്ക് ഇറങ്ങിയ കഥയാണ് ജെറി പ്രേം രാജിന്റേത്.
ജെറിയുടെ റെജിമെന്റ് കാർഗിലിലേക്ക് നീങ്ങിയതായും ഉടൻ തിരിച്ചെത്തണമെന്നും ഭാര്യയെ കൊണ്ടുവരണ്ടെന്നുമായിരുന്നു ഡ്യൂട്ടി കോൾ. അങ്ങനെ വിവാഹം കഴിഞ്ഞതിന്റെ നാൽപതാം ദിനം ജൂൺ മൂന്നിന് ജെറി കശ്മീരിലേക്ക് പോയി. ഭാര്യയ്ക്കൊപ്പം ജൂൺ അഞ്ചിന് പോകാനിരുന്ന യാത്രയാണ് ജെറി തനിച്ച് രണഭൂമിയിലേക്ക് യാത്ര തിരിച്ചത്.
1999 ജൂലായ് ഏഴാം തീയ്യതി ദ്രാസിലെ ടൈഗർ ഹിൽസ് തിരിച്ചു പിടിക്കുന്നതിനിടെ ശത്രുക്കളുടെ സ്‌നൈപ്പർ വെടിവെയ്പ്പിൽ ക്യാപ്റ്റൻ ജെറിയ്ക്ക് പരിക്കേൽക്കുകയായിരുന്നു. വെടിയുണ്ടകൾ ചീറിപ്പാഞ്ഞു വന്നപ്പോഴും പിൻമാറാതെ ശത്രുവിനെ തുരത്താനുളള ശ്രമത്തിലായിരുന്നു ജെറി. നാഗാ ബറ്റാലിയനിലെ ഏറ്റവും സമർത്ഥനായ ഓഫീസർമാരിൽ ഒരാളായിരുന്നു ജെറിയെന്ന് സഹപ്രവർത്തകർ പിന്നീട് പറഞ്ഞിരുന്നു.
ശത്രു ബങ്കറുകൾക്ക് കാര്യമായ ക്ഷതമേൽപിച്ച ശേഷമാണ് ആ ധീരസൈനികൻ വീരമൃത്യു വരിച്ചത്. ഭൗതിക ശരീരം ദേശീയ പതാകയിൽ പൊതിഞ്ഞ് നാലു ദിവസങ്ങൾക്ക് ശേഷമാണ് വെങ്ങാനൂരിലെ വീട്ടിലെത്തിച്ചത്. ഓരോ ഭാരതീയനും പ്രചോദനമാണ് ഈ 27 വയസുകാരന്റെ അഭിമാനമായ ജീവിതം. രാജ്യം ജെറിക്ക് പിന്നീട് വീരചക്രം നൽകി ആദരിച്ചിരുന്നു.
Discussion about this post