ബംഗളൂരു: 2020 ലെ ബംഗളൂരു കലാപത്തിൽ അറസ്റ്റിലായ പ്രതികളെ രക്ഷിക്കാൻ ശ്രമവുമായി കോൺഗ്രസ് നേതൃത്വം. കേസ് പുനഃപരിശോധിക്കാൻ ആഭ്യന്തര മന്ത്രി ജി പരമേശ്വര ഉത്തരവിട്ടു. കേസിൽ അറസ്റ്റിലായവർ നിരപരാധികളായ വിദ്യാർത്ഥികളും യുവാക്കളുമാണെന്നും അവരെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ട് നരസിംഹരാജ എംഎൽഎയും മുൻ മന്ത്രിയുമായ തൻവീർ സെയ്ത് കത്ത് നൽകിയത്.
2020 ൽ കോൺഗ്രസിന്റെ പുളകേഷിൻനഗറിൽ നിന്നുള്ള എം എൽ എയായിരുന്ന അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ മരുമകൻ സമൂഹമാദ്ധ്യമത്തിലൂടെ നബി വിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്നായിരുന്നു കലാപം ആരംഭിച്ചത്. ഇതേതുടർന്ന് മരുമകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്് എം എൽ എ യുടെ വസതിയിലും ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്‌റ്റേഷനുകളിലും പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ ആക്രമണം നടത്തി. പ്രധാനമായും ബംഗളൂരുവിലെ ഡിജെ ഹള്ളി, കെജി ഹള്ളി, ശിവമോഗ,ഹൂബള്ളി എന്നീ പ്രദേശങ്ങളിലായിരുന്നു വർഗീയ കലാപം നടന്നത്. അന്നത്തെ കലാപത്തിൽ മൂന്ന് പേർ മരിച്ചു. സംഭവത്തിൽ മാദ്ധ്യമപ്രവർത്തകരും പോലീസുകാരുമുൾപ്പെടെ 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കലാപത്തിനും അക്രമത്തിനും മുന്നിൽ നിൽക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്ത 100 ലധികം പോപ്പുലർ ഫ്രണ്ട് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ പ്രതികളെ രക്ഷപെടുത്താനാണ് ആസൂത്രിതമായ നീക്കം കോൺഗ്രസ് നേതാക്കൾ നടത്തുന്നത്.
എന്നാൽ പിഎഫ്‌ഐ ഭീകരർക്കെതിരായ കേസ് പിൻവലിക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടിയായ ബി ജെ പി രംഗത്തുവന്നു. സമൂഹത്തിൽ വർഗീയ കലാപങ്ങൾ അഴിച്ചു വിടുന്ന ക്രിമിനൽ സംഘങ്ങൾക്കൊപ്പമാണ് കോൺഗ്രസ് സർക്കാർ. അവർക്കുവേണ്ടിയാണ് സർക്കാർ സംസ്ഥാനം ഭരിക്കുന്നതെന്നും ബിജെപി ആരോപിച്ചു. ഹിന്ദു വിരുദ്ധ നയങ്ങൾ കൊണ്ടുവരുന്ന ജിഹാദി സർക്കാരിനെതിരെയുള്ള പ്രതിഷേധം തുടരുമെന്നും ബിജെപി അറിയിച്ചു.
Discussion about this post