ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ അടുത്ത സഹായിയെ നാടുകടത്തി യുഎഇ. വിക്രംജീത് സിംഗ് എന്ന വിക്രം ബ്രാറിനെയാണ് യുഎഇ നാടുകടത്തിയത്. ഇയാളെ എൻഐഎ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പഞ്ചാബി ഗായകനായ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ പങ്കുളള ഗുണ്ടാ നേതാവാണ് വിക്രം ബ്രാർ. എൻഐഎ സംഘം യുഎഇയിലെത്തിയാണ് ഇയാളുടെ നാടുകടത്തൽ നടപടികൾ വേഗത്തിലാക്കിയത്.
2020 മുതൽ വിക്രം ബ്രാർ ഒളിവിലാണ്. വിവിധ കേസുകളിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി സംസ്ഥാനങ്ങളിലെ പോലീസുകാർ ആവശ്യപ്പെട്ട പ്രകാരം 11 ലുക്കൗട്ട് നോട്ടീസുകൾ ഇയാൾക്കെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്. ലോറൻസ് ബിഷ്‌ണോയ് ഗ്യാങ്ങിന് വേണ്ടി യുഎഇയിലിരുന്ന് കമ്യൂണിക്കേഷൻസ് കൺട്രോൾ റൂം നടത്തിയിരുന്നത് വിക്രം ബ്രാർ ആണ്.
ഈ കൺട്രോൾ റൂം വഴിയാണ് ഗുണ്ടാനേതാക്കൾ പരസ്പരം ബന്ധപ്പെട്ടിരുന്നതും ആശയവിനിമയം നടത്തിയതും. പല ഓപ്പറേഷനുകളും ആക്രമണങ്ങളും ആസൂത്രണം ചെയ്യുന്നതും ഇതിലൂടെ ആയിരുന്നുവെന്ന് എൻഐഎ പറയുന്നു.
കൊലപാതകം, കൊലപാതക ശ്രമം, ആയുധ നിയമപ്രകാരമുളള വിവിധ വകുപ്പുകളിലാണ് ഇയാൾക്കെതിരെ കേസുകളുളളത്. മൂസെവാലയെ കൊലപ്പെടുത്താൻ ഗുണ്ടാനേതാവായ ഗോൾഡി ബ്രാറിന് എല്ലാ സഹായവും ചെയ്തു നൽകിയതും വിക്രം ബ്രാർ ആയിരുന്നുവെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.
Discussion about this post