ഉത്തർപ്രദേശ് : അയോധ്യയിൽ നിർമ്മാണം പൂർത്തിയായികൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിലെ ശ്രീരാമന്റെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔപചാരികമായി ക്ഷണിച്ച് രാം മന്ദിർ ട്രസ്റ്റ്. അടുത്ത വർഷം ജനുവരിയിൽ ആയിരിക്കും രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കുന്നത്. ചടങ്ങ് നടത്തുന്നതിനായി ജനുവരി 15 മുതൽ ജനുവരി 24 വരെയുള്ള തീയതികളിൽ നിന്നൊരു ദിവസം തിരഞ്ഞെടുക്കാനായും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഔപചാരിക ക്ഷണം അയച്ചതായി രാം മന്ദിർ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ആണ് അറിയിച്ചത്. പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസാണ് ഒപ്പിട്ടിരിക്കുന്നത്. പ്രധാനമന്ത്രി ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങിൽ പങ്കെടുത്താൽ രാജ്യത്തിന്റെ യശസ്സ് ലോകമെമ്പാടും ഉയരുമെന്നാണ് രാം മന്ദിർ ട്രസ്റ്റ് അഭിപ്രായപ്പെടുന്നത്. വിഗ്രഹപ്രതിഷ്ഠ ചടങ്ങിലേക്ക് ഏകദേശം 10,000 അതിഥികളെയാണ് ക്ഷേത്ര ട്രസ്റ്റ് ക്ഷണിക്കുന്നത്.
2020 ഓഗസ്റ്റിൽ, അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു നടത്തിയത്. ഡിസംബർ അവസാനത്തോടെ ക്ഷേത്ര നിർമ്മാണം പൂർത്തിയാകും എന്നാണ് കരുതപ്പെടുന്നത്. സമയപരിധി പാലിക്കുന്നതിനായി നിർമ്മാണ തൊഴിലാളികളുടെയും സാങ്കേതിക വിദഗ്ധരുടെയും എണ്ണം ക്ഷേത്ര ട്രസ്റ്റ് വർധിപ്പിച്ചിട്ടുണ്ട്. മുൻപ് 550 തൊഴിലാളികൾ പല ഷിഫ്റ്റുകളിൽ ആയി 18 മണിക്കൂർ വരെ ആയിരുന്നു രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി നിർമ്മാണ തൊഴിലാളികളുടെ എണ്ണം 1,600 ആയി ഉയർത്തിയിട്ടുണ്ട്.
വിഗ്രഹ പ്രതിഷ്ഠാ ദിനത്തിൽ 10000 ത്തോളം വരുന്ന അതിഥികളെ കൂടാതെ വലിയ രീതിയിലുള്ള ഭക്തജന തിരക്കും ഉണ്ടാകാൻ സാധ്യതയുള്ളതായി ക്ഷേത്ര ട്രസ്റ്റ് കണക്കാക്കുന്നു. അതിനാൽ തന്നെ വലിയ സുരക്ഷാ മുൻകരുതലുകളാണ് ഈ ദിവസത്തിനായി തയ്യാറാക്കുന്നത്. സുരക്ഷാപ്രശ്നം മുൻനിർത്തി അന്നേദിവസം ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ ദർശനം നടത്തുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാകും എന്നാണ് രാം മന്ദിർ ട്രസ്റ്റ് അറിയിച്ചിട്ടുള്ളത്.
Discussion about this post