പട്‌ന: മഹാഭാരതത്തെ ലൗജിഹാദുമായി ബന്ധിപ്പിച്ച് അസം കോൺഗ്രസ് അദ്ധ്യക്ഷൻ ഭൂപൻ ബോറ. ഭൂപനെതിരെ പരാതി ലഭിക്കുന്ന പക്ഷം അറസ്റ്റ് ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ധൃതരാഷ്ട്രർ ഗാന്ധാരിയെയും കൃഷ്ണൻ രുക്മിണിയെയും വിവാഹം കഴിച്ചപ്പോൾ അവർ ലൗ ജിഹാദിൽ ഏർപ്പെട്ടിരുന്നുവെന്നായിരുന്നു ഭൂപൻ ബോറയുടെ പരാമർശം.
അടുത്തിടെ നടന്ന ഗോലാഘട്ടിലെ ട്രിപ്പിൾ കൊലപാതകത്തെ ലൗ ജിഹാദായി അസം മുഖ്യമന്ത്രി വിശേഷിപ്പിച്ചതിനെ എതിർത്തായിരുന്നു ഭൂപൻ ബോറയുടെ പരാമർശം. പ്രതി നസീബുർ റഹ്‌മാൻ തന്റെ ഹിന്ദു ഭാര്യയെയും അവളുടെ മാതാപിതാക്കളെയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി. സംഘമിത്ര ഘോഷ് എന്ന സ്ത്രീ മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ചായിരുന്നു ഇയാളെ വിവാഹം കഴിച്ചത്. ഹിമന്ത ബിശ്വ ശർമ്മ കുടുംബത്തെ സന്ദർശിച്ച് കേസ് ലൗ ജിഹാദിന്റെ ഫലമാണെന്ന് പറഞ്ഞിരുന്നു.
ഇതിനെതിരെ ലൗ ജിഹാദ് കാലങ്ങളായി നടക്കുന്നുണ്ടെന്നും മഹാഭാരത കാലത്തും ഇത് നടന്നിട്ടുണ്ടെന്നും ഭൂപൻ ബോറ പറഞ്ഞു. കുടുംബത്തിന്റെ എതിർപ്പിന് വിരുദ്ധമായി ധൃതരാഷ്ട്രർ ഗാന്ധാരിയെ വിവാഹം കഴിച്ചുവെന്നും വിവാഹത്തെ എതിർത്തതിന് അവളുടെ സഹോദരന്മാരെ ജയിലിലടച്ചുവെന്നും ധൃതരാഷ്ട്രനെ നോക്കേണ്ടി വരാതിരിക്കാൻ ഗാന്ധാരി സ്വയം കണ്ണുകൾ മൂടിയെന്നും ഭൂപൻ ബോറ പറഞ്ഞു.
ഭഗവാൻ കൃഷ്ണനും രുക്മിണിയെ വിവാഹം കഴിച്ചത് അവളുടെ കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമാണെന്നും അതും ലൗ ജിഹാദാണെന്നും ഭൂപൻ ബോറ അവകാശപ്പെട്ടു. രുക്മിണിയെ വിവാഹം കഴിക്കാൻ കൃഷ്ണ തന്റെ പേര് മാറ്റിയെന്നും കൃഷ്ണനൊപ്പം പോകുമ്പോൾ അർജുൻ ഒരു സ്ത്രീയായി വേഷമിട്ടെന്നും ഭൂപൻ ബോറ അവകാശപ്പെട്ടു. ഇതിന് പിന്നാലെയാണ് ഭൂപൻ ബോറയ്‌ക്കെതിരെ ആരെങ്കിലും പരാതി നൽകിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പോലീസ് നിർബന്ധിതരാകുമെന്ന് അസം മുഖ്യമന്ത്രി പ്രതികരിച്ചത്.
മഹാഭാരതത്തിലെ സംഭവങ്ങൾ ലൗ ജിഹാദല്ലെന്നും പ്രണയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൗ ജിഹാദ് എന്നാൽ മതം വഴി മാറാൻ നിർബന്ധിക്കുന്നതാണെന്നും ഗാന്ധാരിയെയോ രുക്മിണിയെയോ മതം മാറ്റാൻ നിർബന്ധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ പ്രണയം മാത്രമായിരുന്നുവെന്നും ഇപ്പോൾ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും അതിനാലാണ് കൊലപാതകങ്ങൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കൃഷ്ണനും രുക്മിണിയും തമ്മിൽ പ്രണയമുണ്ടായിരുന്നു, മതം മാറിയില്ല, ജിഹാദില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post