ന്യൂഡൽഹി: ഭീകരസംഘടനയായ അൽ ഖ്വയ്ദ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വേരുറപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്ന് വിവരം. യുഎൻ റിപ്പോർട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. യുഎൻ സുരക്ഷാ കൗൺസിലിന്റെ അനലറ്റിക്കൽ സപ്പോർട്ട് ആൻഡ് സാൻക്ഷൻസ് മോണിറ്റിംഗ് ടീമിന്റെ 32 ാമത് റിപ്പോർട്ടിൽ അൽ ഖ്വയ്ദയുടെ ലക്ഷ്യങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
ജമ്മു കശ്മീർ, ബംഗ്ലാദേശ്,മ്യാൻമർ എന്നിവടങ്ങളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് അൽ ഖ്വയ്ദ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. പ്രദേശങ്ങളിൽ ഭീകരത വളർത്താൻ ഉപസംഘടനകൾ രൂപീകരിക്കുകയും ആളുകളെ റിക്രൂട്ട് ചെയ്യുന്നതുമാണ് രീതി. മൊഡ്യൂളുകൾ അടക്കം സുരക്ഷാ സേനയുടെ കണ്ണിൽ പെടുന്നത് കൊണ്ടാണ് സംഘടനകളുടെ മറവിൽ പ്രവർത്തനം ആരംഭിക്കാൻ അൽഖ്വയ്ദ തീരുമാനിച്ചിരിക്കുന്നത്.
അൽഖ്വയ്ദയുടെ ചില ഘടകങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് ഖൊറാസാനിൽ ചേരാനും സഹകരിക്കാനും തയ്യാറായിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ 30 മുതൽ 60 വരെ അംഗങ്ങളുള്ള കോർ ഗ്രൂപ്പായാണ് പ്രവർത്തനം. 2000 ത്തോളം പേരാണ് അഫ്ഗാനിസ്ഥാനിൽ സജീവമായി പ്രവർത്തിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏകദേശം 200 പോരാളികൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് ഖൊറാസാനിൽ മൊത്തം 4,000 മുതൽ 6,000 വരെ അംഗങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് ഇരട്ടിയാക്കാനും ഭീകരർ ലഖ്യമിടുന്നുണ്ട്.
താലിബാൻ നേതാക്കൾക്ക് നേരെയുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് ഖൊറാസാനിന്റെ ആക്രമണങ്ങൾ ഭീകരരുടെ മനോവീര്യം വർദ്ധിപ്പിക്കുകയും ഇവരുടെ റിക്രൂട്ട്‌മെന്റ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Discussion about this post