എറണാകുളം : മകൾക്ക് സംഭവിച്ചത് ഇനി ഒരാൾക്കും സംഭവിക്കരുതെന്ന് കഴിഞ്ഞ ദിവസം ബൈക്കിടിച്ച് മരിച്ച കോളേജ് വിദ്യാർത്ഥിനി നമിതയുടെ മാതാപിതാക്കൾ. പഠനത്തിൽ മിടുക്കി ആയിരുന്ന നമിത ബി കോമിന് ശേഷം സിഎക്ക് പോകാനാണ് ആഗ്രഹിച്ചിരുന്നത്. മകളുടെ മരണത്തോടെ ഇല്ലാതായത് കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണെന്നും വീട്ടുകാർ പറഞ്ഞു. പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നും വ്യക്തമാക്കി.
അതേസമയം പ്രതി ആൻസൺ റോയിക്കെതിരെ കർശന നടപടിയെടുക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. പ്രതിയുടെ ലൈസൻസും വാഹനത്തിന്റെ ആർസിയും റദ്ദാക്കും. അപകടത്തിന് കാരണം അമിത വേഗതയാണെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയാൽ ആൻസനെ പോലീസ് അറസ്റ്റ് ചെയ്യും.
കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ നിർമ്മലഗിരി കോളേജിലെ ബി കോം വിദ്യാർത്ഥിനി ആയിരുന്ന നമിത ബൈക്കിടിച്ച് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിൽ വന്ന ആൻസന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നമിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post