പ്യോങ്‌യാങ് : കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ 70-ാം വാർഷികത്തിന്റെ ആഘോഷ ചടങ്ങുകൾ വ്യാഴാഴ്ച രാത്രി ഉത്തര കൊറിയയിലെ പ്യോങ്‌യാങ്ങിൽ നടന്നു. ഉത്തരകൊറിയയുടെ തലസ്ഥാനത്ത് രാത്രി വൈകി സൈനിക പരേഡ് നടത്തിയതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി കെസിഎൻഎ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 27 ഉത്തര കൊറിയയിൽ ‘വിജയ ദിനം’ എന്നാണ് അറിയപ്പെടുന്നത്.
വ്യാഴാഴ്ച രാത്രി നടന്ന സൈനിക പരേഡിൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനൊപ്പം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥൻ ലീ ഹോങ്‌ഷോങും റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗുവും പങ്കെടുത്തതായാണ് കൊറിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പ്യോങ്‌യാങിലെ ഇൽ സുങ് സ്ക്വയറിലാണ് സൈനിക പരേഡ് നടന്നത്.
സൈനിക പരേഡിനോടൊപ്പം ഉത്തര കൊറിയ പുതിയ ഡ്രോണുകൾ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. തന്ത്രപ്രധാനമായ ആളില്ലാ നിരീക്ഷണ വിമാനങ്ങളും വിവിധോദ്ദേശ്യ ആക്രമണ ഡ്രോണുകളും ആണവശേഷിയുള്ള മിസൈലുകളും പോലെയുള്ള ആയുധങ്ങളുടെ പ്രദർശനവും നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ഉത്തരകൊറിയ സന്ദർശിക്കുന്ന ആദ്യത്തെ ഉയർന്ന റാങ്കിലുള്ള വിദേശ സന്ദർശകരാണ് റഷ്യൻ പ്രതിരോധ മന്ത്രിയും ചൈനീസ് ഉദ്യോഗസ്ഥൻ ലീ ഹോങ്‌ഷോങും.
1950 മുതൽ 1953 വരെയായിരുന്നു കൊറിയൻ യുദ്ധം നടന്നത്. സോവിയറ്റ്-ചൈനീസ് പിന്തുണയുണ്ടായിരുന്ന ഉത്തര കൊറിയയും അമേരിക്കയുടെ പിന്തുണയുണ്ടായിരുന്ന ദക്ഷിണ കൊറിയയും 1953 ജൂലൈ 27-ന് ഒരു യുദ്ധവിരാമത്തിൽ ഒപ്പുവെച്ചാണ് കൊറിയൻ യുദ്ധം അവസാനിപ്പിക്കുന്നത്. യുദ്ധം അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും ശത്രുതാ മനോഭാവത്തിൽ തന്നെയാണ് ഇരുരാജ്യങ്ങളും.









Discussion about this post