ഇന്ത്യൻ ശാസ്ത്രജ്ഞരടക്കമുള്ള ഒരു സംഘം ഹിമാലയത്തിൽ നിന്ന് ഒരു പുരാതന സമുദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഏകദേശം 600 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ധാതു നിക്ഷേപങ്ങൾക്കുള്ളിൽ നിന്നുമാണ് സമുദ്ര ജലത്തിന്റെ കണങ്ങൾ ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISC), ജപ്പാനിലെ നീഗാറ്റ സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്.
പ്രീകാംബ്രിയൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഈ പുതിയ കണ്ടെത്തലിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. കാൽസ്യം, മഗ്നീഷ്യം കാർബണേറ്റുകൾ എന്നിവയാൽ സമ്പന്നമായ ധാതു നിക്ഷേപങ്ങൾ ആണ് ഹിമാലയത്തിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. “പാലിയോ സമുദ്രങ്ങളിലേക്കുള്ള ടൈം കാപ്സ്യൂൾ” പോലെയാണിത് എന്നാണ് IISC യുടെ സെന്റർ ഫോർ എർത്ത് സയൻസസിലെ പിഎച്ച്ഡി വിദ്യാർത്ഥിയും പഠനത്തിന്റെ പ്രധാന രചയിതാവുമായ പ്രകാശ് ചന്ദ്ര ആര്യ വ്യക്തമാക്കുന്നത്.
എഴുന്നൂറോളം ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, സ്നോബോൾ എർത്ത് ഗ്ലേസിയേഷൻ എന്നറിയപ്പെടുന്ന ഒരു നീണ്ട ഹിമപാതം ഭൂമിയിൽ സംഭവിച്ചിരുന്നു എന്നാണ് ശാസ്ത്ര സിദ്ധാന്തങ്ങൾ പറയുന്നത്. അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുതിച്ചുയരുന്നതിനും സങ്കീർണ്ണമായ ജീവരൂപങ്ങളുടെ പരിണാമത്തിനും ഈ സംഭവം കാരണമായി. പക്ഷേ കൃത്യമായി സംരക്ഷിക്കപ്പെട്ട ഫോസിലുകളുടെ ദൗർലഭ്യവും പുരാതന സമുദ്രങ്ങൾ കണ്ടെത്താൻ കഴിയാത്തതും കാരണം സ്നോബോൾ എർത്ത് ഗ്ലേസിയേഷനും സെക്കന്റ് ഗ്രേറ്റ് ഓക്സിജനേഷൻ ഇവന്റും തമ്മിലുള്ള ബന്ധം അവ്യക്തമായി തുടരുകയായിരുന്നു. എന്നാൽ ഇപ്പോൾ ഹിമാലയത്തിൽ പുതുതായി കണ്ടെത്തിയ സമുദ്ര പാറകൾക്ക് ഇതിനെ കുറിച്ചുള്ള വ്യക്തമായ ഉത്തരങ്ങൾ നൽകാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.
പുതിയ കണ്ടെത്തലുകൾ ലഭ്യമായത് പടിഞ്ഞാറൻ കുമയോൺ ഹിമാലയത്തിലെ അമൃത്പൂർ മുതൽ മിലാം ഹിമാനി വരെയും ഡെറാഡൂൺ മുതൽ ഗംഗോത്രി ഹിമാനി മേഖല വരെയുമായി ഗവേഷകർ നടത്തിയ പഠനത്തിലൂടെയാണ്. പുരാതന സമുദ്രജലത്തിൽ നിന്നുള്ള മഴയിൽ നിന്നാണ് ഈ നിക്ഷേപങ്ങൾ ഉത്ഭവിച്ചതെന്നാണ് വിപുലമായ രീതിയിൽ നടത്തിയ ലബോറട്ടറി പരിശോധനകൾ വഴി സ്ഥിരീകരിച്ചത്. ഇന്ത്യൻ ശാസ്ത്രജ്ഞ സംഘത്തിന്റെ ഈ കണ്ടെത്തലുകൾ പുരാതന സമുദ്രങ്ങളുടെ രാസ, ഐസോടോപ്പിക് ഘടനയിലേക്ക് വെളിച്ചം വീശുന്നതാണ്. ഒപ്പം കാലാവസ്ഥാ രൂപപ്പെടലുകളെ കുറിച്ചുള്ള അറിവുകൾ ലഭ്യമാക്കുകയും സമുദ്രങ്ങളിലെയും ഭൂമിയിലെയും ജീവന്റെ പരിണാമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യുന്നതാണ്.
Discussion about this post