ഇന്ത്യയിൽ മതവിശ്വാസം പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും പൊതുവായ നിയമങ്ങൾ ബാധകമാകുന്ന ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ വിഷയത്തിൽ രാജ്യത്തുടനീളമുള്ള പൗരന്മാരിൽ നിന്ന് മികച്ച പ്രതികരണമാണ് ഇന്ത്യൻ ലോ കമ്മീഷന് ലഭിച്ചത്. പൊതുജനങ്ങളിൽ നിന്നും മത സംഘടനകളിൽ നിന്നും ഉൾപ്പെടെ നിയമ സമിതി ഈ വിഷയത്തിൽ അഭിപ്രായങ്ങളും പ്രതികരണങ്ങളും തേടിയിരുന്നു. ഇപ്പോൾ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം 75 ലക്ഷത്തിലേറെ പ്രതികരണങ്ങളാണ് ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് നിയമ സമിതിക്ക് ലഭിച്ചിട്ടുള്ളത്.
ചില വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത് പ്രകാരം ഇന്ത്യൻ രാഷ്ട്രപതിയുടെ ഓഫീസിലേക്ക് ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് മൂന്നു ലക്ഷത്തോളം പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് 2 ലക്ഷത്തോളം പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. ലഭിച്ച പ്രതികരണങ്ങളെല്ലാം നിയമ കമ്മീഷൻ കൂടുതൽ വിശകലനം ചെയ്യും എന്നാണ് അറിയാൻ കഴിയുന്നത്. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഇനി തിരഞ്ഞെടുത്ത ചില കക്ഷികളുമായി ചർച്ചകളും സംവാദങ്ങളും സെമിനാറുകളും ഉണ്ടായിരിക്കുന്നതാണ്.
ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പൊതു പ്രതികരണങ്ങൾ സമർപ്പിക്കുന്നതിനായി ആദ്യം നൽകിയ ഒരു മാസത്തെ സമയപരിധി ജൂൺ 14-ന് അവസാനിച്ചിരുന്നു. എന്നാൽ സമിതി ജൂലൈ 28 വരെ സമയപരിധി നീട്ടി നൽകുകയായിരുന്നു. എന്നാൽ ഇനി സമയപരിധി നീട്ടി നൽകേണ്ടതില്ല എന്നാണ് നിയമ സമിതിയുടെ തീരുമാനം.
Discussion about this post