ന്യൂഡൽഹി: മുഹറം ഘോഷയാത്രയുടെ ഭാഗമായി പതാക കെട്ടിയ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ തട്ടി അപകടം. ഝാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ ഖേത്കോ ഗ്രാമത്തിലായിരുന്നു സംഭവം. ഉയരമുള്ള ഇരുമ്പ് പൈപ്പ് ഹൈ ടെൻഷൻ വൈദ്യുത കമ്പിയിൽ തട്ടിയതാണ് അപകടകാരണം.
പതാക കെട്ടിയിരുന്ന ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ തട്ടിയതോടെ വലിയ തോതിൽ വൈദ്യുത പ്രവാഹമുണ്ടായി. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീ പിടുത്തവും പൊട്ടിത്തെറിയുമുണ്ടായി. ഷോക്കേറ്റ് നിരവധി പേരാണ് റോഡിലേക്ക് തെറിച്ചു വീണത്.
വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് 4 പേർ മരിച്ചതയാണ് റിപ്പോർട്ട്. പത്ത് പേർക്ക് പരിക്കേറ്റു. പൊള്ളലേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായവർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഘോഷയാത്രയ്ക്കിടെ ഇരുമ്പ് പൈപ്പ് അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. 11,000 വോൾട്ട് ഹൈ ടെൻഷൻ വൈദ്യുതി ലൈനിലാണ് പൈപ്പ് തട്ടിയത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post