ന്യൂഡൽഹി : മണിപ്പൂർ സംഘർഷത്തിൽ വിദേശ ശക്തികളുടെ ഇടപെടൽ തള്ളിക്കളയാനാകില്ലെന്ന് മുൻ കരസേന മേധാവി ജനറൽ എംഎം നരവനെ. സംസ്ഥാനത്തെ വിവിധ സംഘങ്ങൾക്ക് ചൈനയുടെ സഹായം ലഭിച്ചിരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിർത്തി പ്രദേശങ്ങളിലെ അസ്ഥിരത രാജ്യത്തിന്റെ സുരക്ഷയെ ഗുണം ചെയ്യില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂരിൽ ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങളിൽ വിദേശ ഏജൻസികളുടെ ഇടപെടൽ ഒരിക്കലും തള്ളിക്കളയാനാവില്ല. അവർക്കും ഇതിൽ പങ്കാളിത്തമുണ്ട് എന്നത് തീർച്ചയാണ്. വിവിധ വിമത സംഘങ്ങൾക്ക് ചൈനീസ് ഏജൻസികളാണ് സഹായം നൽകുന്നത്. ഉത്തരവാദിത്തപ്പെട്ടവർ വേണ്ട വിധത്തിൽ അന്വേഷിച്ച് നടപടിയെടുക്കുന്നുണ്ട് എന്നത് വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി ഈ ഗ്രൂപ്പുകൾക്ക് ചൈനീസ് സഹായം ലഭിക്കുന്നുണ്ട്. ഇത് ഇപ്പോഴും തുടരുന്നുണ്ടെന്നും മുൻ കരസേന മേധാവി പറഞ്ഞു. വർഷങ്ങളായി ഇവിടെ മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ട്. ഇത് പ്രതിദിനം വർദ്ധിച്ചുവരികയാണ്. നിലവിൽ സംഘർഷസാഹചര്യം മുതലെടുത്ത് സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമത്തിൽ നിന്ന് പ്രയോജനം നേടുന്നവർ മണിപ്പൂർ സാധാരണ നിലയിലാകാൻ ആഗ്രഹിക്കില്ല. കാരണം ഈ അസ്ഥിരതയിൽ നിന്നാണ് അവർക്ക് പ്രയോജനം ലഭിക്കുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും എല്ലാ തരത്തിലും ശ്രമങ്ങൾ നടത്തിയിട്ടും അക്രമം തുടരുന്നതിന്റെ കാരണം ഇതായിരിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post