ലഖ്‌നൗ : 2024 ൽ ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ സമാജ്‌വാദി പാർട്ടിക്ക് കനത്ത തിരിച്ചടിയായി മറ്റൊരു എംഎൽഎ കൂടി ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. കൊല്ലപ്പെട്ട എം.എൽ.എ രാജു പാലിന്റെ ഭാര്യയും എം.എൽ.എയുമായ പൂജ പാൽ ആണ് ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുന്നതായി അറിയുന്നത്. രാജു പാൽ വധക്കേസിലെ മുഖ്യപ്രതികളായ ആതിഖ് അഹമ്മദും ഇയാളുടെ സഹോദരനും മുൻ എംഎൽഎയുമായ അഷ്‌റഫും 2023 ഏപ്രിലിൽ വെടിയേറ്റ് മരിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
നിലവിൽ ഉത്തർപ്രദേശിലെ ചൈൽ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് പൂജ പാൽ. ബിജെപിയിൽ ചേരുന്നതിന് മുമ്പായി അവർ നിയമസഭാ അംഗത്വം ഉപേക്ഷിക്കുമെന്നാണ് ലഭിക്കുന്ന സൂചന. 2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുൻപായി പൂജാ പാലും നിരവധി സമാജ്‌വാദി പാർട്ടി അംഗങ്ങളും ചേർന്ന് ബിജെപിയിൽ അംഗത്വം സ്വീകരിക്കും എന്നാണ് പറയപ്പെടുന്നത്. പൂജാ പാലിന്റെ കടന്നുവരവ് പിന്നാക്ക സമുദായങ്ങൾക്കിടയിൽ ബിജെപിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പൂജാ പാൽ ബിജെപിയിൽ എത്തിയാൽ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിറത്തുവിലെയോ പ്രയാഗ്‌രാജിലെയോ സ്ഥാനാർഥിയായി നിർത്താനായിരിക്കും ബി.ജെ.പി ഉദ്ദേശിക്കുന്നതെന്ന് പറയപ്പെടുന്നു. അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും കൊലപാതകത്തിന് ശേഷം പ്രയാഗ്‌രാജ് മണ്ഡലം ഉത്തർപ്രദേശിലെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമാണ്. ഇവിടെ അതീഖ് അഹമ്മദും സഹോദരൻ അഷ്‌റഫും കൊലപ്പെടുത്തിയ മുൻ എംഎൽഎ രാജു പാലിന്റെ ഭാര്യ മത്സരിക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ മാറ്റത്തിന് കാരണമാകുമെന്നാണ് ഉത്തർപ്രദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Discussion about this post