പഞ്ചാബ് : സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി പഞ്ചാബിൽ ഭീകര പ്രവർത്തനം നടത്താനുള്ള പാകിസ്താൻ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ISI) ഗൂഢാലോചന തകർത്തതായി പഞ്ചാബ് പോലീസ്. ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെ പഞ്ചാബിലെ ഒരു ഘടകത്തെ തകർത്തതായും പോലീസ് വ്യക്തമാക്കി. ഐഎസ്‌ഐ പിന്തുണയുള്ള അഞ്ച് ഖാലിസ്ഥാനി ഭീകരർ പഞ്ചാബിൽ അറസ്റ്റിലായിട്ടുണ്ട്.
വിദേശത്തുള്ള ചില തീവ്രവാദികൾ പഞ്ചാബിലെ ജയിലിൽ കഴിയുന്ന ക്രിമിനലുകൾ മുഖേന ആളുകളെ റിക്രൂട്ട് ചെയ്ത് ഭീകരവാദ ഘടകം സംഘടിപ്പിച്ചുവെന്നാണ് പഞ്ചാബ് പോലീസ് പറയുന്നത്. സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ ന്യൂനപക്ഷ നേതാക്കളെയും പോലീസ് ഉദ്യോഗസ്ഥരെയും മറ്റ് പ്രമുഖ വ്യക്തികളെയും ലക്ഷ്യമിട്ട് ഇവർ ഗൂഢാലോചന നടത്തുന്നതായി രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ടെന്നും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു.
ഏകദേശം രണ്ടാഴ്‌ച നീണ്ട ദൗത്യത്തിലൂടെയാണ് അഞ്ചംഗ ഖാലിസ്ഥാനി ഭീകര സംഘത്തെ പിടികൂടാൻ ആയതെന്നും പഞ്ചാബ് ഡിജിപി വ്യക്തമാക്കി. ജൂൺ 24 ന് ബട്ടാലയിൽ വെച്ച് രാജീവ് മഹാജന് നേരെ വെടിയുതിർത്ത അതേ വിദേശ ആസ്ഥാന ഖാലിസ്ഥാനി ഘടകം തന്നെയാണ് നിലവിലെ ഭീകര പ്രവർത്തനങ്ങൾക്കും ഗൂഢാലോചനക്കും പിന്നിൽ എന്നും പഞ്ചാബ് പോലീസ് അറിയിച്ചിട്ടുണ്ട്. പാകിസ്താൻ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ പിന്തുണയോടെ ആയിരുന്നു ഈ ഖാലിസ്ഥാൻ അനുകൂല സംഘം പ്രവർത്തിച്ചിരുന്നത് എന്നാണ് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കുന്നത്.
Discussion about this post