ആലുവ: ബിഹാർ സ്വദേശികളായ ദമ്പതിമാരുടെ അഞ്ചുവയസ് മാത്രം പ്രായമുള്ള കുട്ടി പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന പ്രതി അസ്ഫാഖ് ആലത്തിന് ലൈംഗിക വൈകൃതം നിറഞ്ഞ വീഡിയോകൾ കാണുന്ന ശീലമുണ്ടായിരുന്നു. സ്ഥിരമായി മദ്യപിക്കുന്നതും ചെറിയ കാര്യങ്ങൾക്ക് വരെ ആളുകളുമായി തർക്കിക്കുന്നതും അസ്ഫാഖ് പതിവാക്കിയിരുന്നു. മുൻപ് മോഷണക്കേസിലും പ്രതിയായ ആളാണ് അഫ്‌സാഖ്.
ഒന്നരവർഷം മുൻപാണ് ഇയാൾ ജോലി തേടി കേരളത്തിലെത്തിയത്. 2 ദിവസം മുൻപ് മാത്രമാണ് കൊല്ലപ്പെട്ട കുട്ടിയും കുടുംബവും താമസിക്കുന്ന ഭാഗത്ത് എത്തിയത്. അതേസമയം ഇയാളുടെ സുഹൃത്തുക്കളായ 2 പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ഇവർക്കു കൊലപാതകത്തിൽ പങ്കില്ലെന്നാണു പോലീസ് കരുതുന്നത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
അസ്ഫാഖ് ആലം കൊടും ക്രിമിനലെന്ന നിലപാടിലാണ് പോലീസ്. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും പോലീസ് അനുമാനിക്കുന്നണ്ട്. സമാനമായ കുറ്റകൃത്യം ഇതിന് മുൻപ് ചെയ്തിരുന്നോ ? ഇയാൾ ആലുവയിൽ വന്നത് എന്തിനാണ് തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്. പിടിക്കപ്പെടാതിരിക്കാൻ പല വഴികൾ തിരഞ്ഞെടുത്തതാണ് പോലീസിന് സംശയം ബലപ്പെടുന്നത്.
ഇയാളുടെ ഫോൺ പോലീസ് പരിശോധിച്ച് വരികയാണ്. ഇയാളുടെ സ്റ്റേഷൻ പരിധിയിലും ജില്ലാ പോലീസിനും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ദുരൂഹ സാഹചര്യത്തിൽ കാണാതായവരെ കുറിച്ചും ആ സ്ഥലങ്ങളിൽ ഇയാളുടെ സാന്നിധ്യം ഉണ്ടോയെന്നും പരിശോധിക്കും.
അതിക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്തിൽ ബനിയൻ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ശരീരമാസകലം മാന്തിയതിന്റെയും കടിച്ചതിന്റെയും അടയാളങ്ങളാണ്. സ്വകാര്യ ഭാഗങ്ങൾക്കും ആന്തരികാവയവങ്ങൾക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
Discussion about this post