ബ്രിഡ്ജ്ടൗൺ: പരീക്ഷണങ്ങൾ അതിരുകടന്ന രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് തോൽവി. ക്യാപ്ടൻ രോഹിത് ശർമ്മയ്ക്കും സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലിക്കും വിശ്രമം നൽകിയതിനെ തുടർന്ന് ഹർദ്ദിക് പാണ്ഡ്യയാണ് മത്സരത്തിൽ ഇന്ത്യയെ നയിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരെ തുടർച്ചയായി ഒൻപത് മത്സരങ്ങൾ വിജയിച്ച ഇന്ത്യ, കഴിഞ്ഞ മത്സരത്തിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 90 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ പിന്നീട് അപ്രതീക്ഷിതമായി തകർന്ന ഇന്ത്യൻ ബാറ്റിംഗ് നിര 181 റൺസിന് പുറത്താകുകയായിരുന്നു. 36.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റ് ഇൻഡീസ് വിജയലക്ഷ്യം മറികടന്നു.
മത്സരത്തിൽ ഇന്ത്യൻ ആരാധകർക്ക് ഓർത്തിരിക്കാനുള്ള നിമിഷങ്ങൾ സമ്മാനിച്ചത് തീർച്ചയായും ഓപ്പണർമാരായ ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും മാത്രമാണ്. കിഷൻ 55 റൺസും ഗിൽ 34 റൺസുമാണ് നേടിയത്. തന്റെ ചെറിയ ഇന്നിംഗ്സിൽ മികച്ച ചില ഷോട്ടുകൾ കളിച്ച ഗില്ലിന് ഇന്നിംഗ്സ് ദീർഘിപ്പിക്കാനാകാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായി.
എന്നാൽ, കൂട്ടത്തകർച്ചക്കിടയിലും അഭിമാന നേട്ടം സ്വന്തമാക്കിയാണ് ശുഭ്മാൻ ഗിൽ കൂടാരം കയറിയത്. 26 ഏകദിന ഇന്നിംഗ്സുകൾ പൂർത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത താരം എന്ന റെക്കോർഡാണ് ശുഭ്മാൻ ഗിൽ സ്വന്തം പേരിൽ കുറിച്ചത്. പാകിസ്താൻ താരം ബാബർ അസമിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
കഴിഞ്ഞ ദിവസം തന്റെ ഇരുപത്തിയാറാം ഇന്നിംഗ്സ് കളിച്ച ഗിൽ, ഏകദിനങ്ങളിലെ തന്റെ സമ്പാദ്യം 1352 റൺസ് ആക്കി ഉയർത്തി. 61.45 ആണ് ഗില്ലിന്റെ ശരാശരി. 26 ഏകദിന ഇന്നിംഗ്സുകളിൽ നിന്നും 1322 റൺസ് ആയിരുന്നു ബാബർ അസമിന്റെ നേട്ടം.
26 ഏകദിന ഇന്നിംഗ്സുകൾ പൂർത്തിയാക്കിയപ്പോൾ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ശുഭ്മാൻ ഗില്ലിനും ബാബർ അസമിനും പിന്നിൽ ഇംഗ്ലണ്ടിന്റെ ജൊനാഥൻ ട്രോട്ട്, പാകിസ്താന്റെ ഫഖർ സമാൻ, ദക്ഷിണാഫ്രിക്കയുടെ റാസി വാൻഡർ ഡസൻ എന്നിവരാണ് ഉള്ളത്.
Discussion about this post