തിരുവനന്തപുരം: ഓണക്കാലത്തിന് ആഴ്ചകൾ മാത്രം ശേഷിക്കേ സപ്ലൈകോയുടെ കുടിശ്ശിക തീർക്കാൻ പണം അനുവദിക്കാതെ ധനവകുപ്പ്. ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ഓണക്കാലത്ത് പിടിച്ചുനിൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഇടതുമുന്നണിയ്ക്ക് പരാതി നൽകി.
സി.പി.എമ്മിന്റെ വകുപ്പുകൾക്ക് പണത്തിനു തടസ്സമില്ലെന്നും ഭക്ഷ്യവകുപ്പ് സി.പി.ഐ.യുടേതായതിനാൽ അവഗണിക്കുന്നുവെന്നുമാണ് ആക്ഷേപം ഉയരുന്നത്.പലവട്ടം പരാതിപ്പെട്ടിട്ടും ധനവകുപ്പ് അനുകൂല നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ഭക്ഷ്യമന്ത്രി ഇടതുമുന്നണിയുടെ ഇടപെടൽ തേടിയത്. ഭക്ഷ്യവകുപ്പിന് പണമനുവദിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന മന്ത്രിതലയോഗത്തിലെ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല.
കുടിശ്ശിക പണം നൽകാത്തതിനാൽ വിതരണക്കാർ ഇത്തവണ ഇ-ടെൻഡറിൽ സഹകരിച്ചില്ല. ഇതോടെ, സപ്ലൈകോയിൽ ഭക്ഷ്യവസ്തുക്കളുടെ ശേഖരവും കുറഞ്ഞു.ഓണക്കാലത്തേക്കുമാത്രം സപ്ലൈകോയ്ക്ക് 600-700 കോടി രൂപ ചെലവുവരുമെന്നാണ് കണക്കുകൂട്ടൽ. മുൻകാലങ്ങളിൽ സാധനങ്ങൾ വാങ്ങിയ വകയിൽ 700 കോടി രൂപ കച്ചവടക്കാർക്കു നൽകാനുമുണ്ട്.
Discussion about this post