മുംബൈ: ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ പി എഫ് കോൺസ്റ്റബിൾ അക്രമാസക്തനായി സഹയാത്രികർക്ക് നേരെ നടത്തിയ വെടിവെപ്പിൽ എ എസ് ഐ ഉൾപ്പെടെ നാല് പേർ മരിച്ചു. ട്രെയിൻ പാൽഘർ സ്റ്റേഷൻ കടന്നപ്പോഴായിരുന്നു സംഭവം. തുടർന്ന് ദഹിസാർ സ്റ്റേഷനിൽ എത്തിയപ്പോൾ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച കൊൺസ്റ്റബിളിനെ ആയുധം ഉൾപ്പെടെ പിടികൂടി.
രാവിലെ 6.00 മണിയോടെയായിരുന്നു കോൺസ്റ്റബിൾ വെടിവെപ്പ് നടത്തിയത്. ടിക്ക റാം മീണ എന്നാണ് കൊല്ലപ്പെട്ട എ എസ് ഐയുടെ പേര്. എസ്കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ചേതൻ കുമാർ ചൗധരി എന്ന കോൺസ്റ്റബിൾ ആണ് വെടിവെച്ചത്.
എസ്കോർട്ട് ഡ്യൂട്ടിയുടെ ചുമതല വഹിച്ചിരുന്ന ടിക്ക റാം മീണയെ കൊലപ്പെടുത്തിയ ശേഷം അടുത്ത ബോഗിയിലേക്ക് കയറിയ ചൗധരി അവിടെ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാരെയും വെടിവെച്ച് കൊന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ലോക്കൽ പോലീസിന്റെയും സംസ്ഥാന റെയിൽവേ പോലീസിന്റെയും ആർ പി എഫ് ഉദ്യോഗസ്ഥരുടെയും സംയുക്തമായ നീക്കത്തിലൂടെയാണ് പിടികൂടിയത്. ഇയാൾ അക്രമാസക്തനായതിന്റെ കാരണം വ്യക്തമല്ല.
സംഭവം ദൗർഭാഗ്യകരമാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. ഇവർക്ക് അടിയന്തിര സഹായം ലഭ്യമാക്കുമെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും റെയിൽവേ വ്യക്തമാക്കി.
Discussion about this post