ശ്രീനഗർ : കശ്മീർ താഴ്വരയിൽ ശ്രീനഗർ, കുപ്വാര, ബുദ്ഗാം, പുൽവാമ, ഷോപ്പിയാനാ എന്നിവിടങ്ങളിലാണ് എൻ ഐ എയും കശ്മീർ കൗണ്ടർ ഇന്റലിജൻസ് വിഭാഗവും ഇന്ന് രാവിലെ മുതൽ സംയുക്തമായി പരിശോധന നടത്തിയത്. ഭീകരവാദ ഗൂഢാലോചന, സാമ്പത്തിക സമാഹരണം തുടങ്ങിയ കേസുകളിലാണ് റെയ്ഡ് നടന്നത്. കശ്മീർ താഴ്വരയിൽ ഇന്ത്യൻ സൈന്യത്തിന് നേരേയുണ്ടായ കല്ലേറുകൾക്കും മറ്റ് തീവ്രവാദ പ്രവർത്തനങ്ങൾക്കും സന്നദ്ധ സംഘടനകൾ മുഖാന്തരം ധന സമാഹരണം നടത്തിയതായാണ് എൻ ഐ എ കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൂടാതെ സംസ്ഥാനത്തെ നിരവധി എൻ ജി ഒകളും ദേശീയ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ഇത്തരം സന്നദ്ധ സംഘടനകൾ ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ ഭീകരവാദത്തിനായി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും പണം സമാഹരിക്കുന്നതായി എൻ ഐ എ മുൻപ് കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി പരിശോധനകൾ ജമ്മു കശ്മീരിലെ വിവിധ ജില്ലകളിൽ എൻ ഐ എ നടത്തിവരികയാണ്. ഇതിൽ കശ്മീർ സ്വദേശികളായ രണ്ട് ഭീകരരെ അന്വേഷണം സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2019 ഓഗസ്റ്റ് 5ന് കശ്മീരിന്റെ അമിതാധികാരം കേന്ദ്രം മരവിപ്പിച്ചതിന് ശേഷം താഴ്വര പൊതുവേ ശാന്തമാണ്. ഇതിൽ അതൃപ്തരായ ഭീകര ശക്തികൾ വൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നു. ഇത് സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ജമ്മു കശ്മീരിൽ എൻ ഐ എയുടെ തുടർച്ചയായ പരിശോധനകൾ.
Discussion about this post