ബെയ്ജിംഗ് : ചൈനയിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ കടൽ നീന്തിക്കടന്ന യുവാവിന് തേനീച്ച കൊടുത്തത് എട്ടിന്റെ പണി. 40 കാരനായ യുവാവാണ് ഫുജിയാനിൽ നിന്ന് തായ്‌വാനിലെ മാറ്റ്‌സു ദ്വീപിലേക്ക് നീന്തിയത്. പത്ത് മണിക്കൂറോളം നേരം നീന്തി മാറ്റ്‌സുവിലെത്തിയ യുവാവിനെ തേനീച്ച കുത്തിയതോടെ ആളുകളുടെ സഹായം തേടി. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇയാൾ ചൈനയിൽ നിന്ന് രക്ഷപ്പെട്ടുവരികയാണെന്ന് കണ്ടെത്തിയത്.
തേനീച്ച കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെ അധികൃതർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാളുടെ കൈയ്യിൽ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മരുന്നും പണവുമുണ്ടായിരുന്നു. വിശദമായ അന്വേഷണത്തിലാണ് ചൈനയിൽ നിന്ന് സ്വാതന്ത്ര്യം നേടി എത്തിയതാണെന്ന് യുവാവ് വെളിപ്പെടുത്തിയത്.
ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ ഹുവാങ്കിയിൽ നിന്നാണ് തായ്വാനിലെ മാറ്റ്സു ദ്വീപുകളിലേക്കുള്ള യാത്ര ആരംഭിച്ചത് എന്നും ഇയാൾ അധികൃതരോട് പറഞ്ഞു. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടരന്വേഷണത്തിനായി യുവാവിനെ ലിൻചിയാങ് ജില്ലാ പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് കൊണ്ടുപോയി. ഇയാളെ ഉടൻ ചൈനയിലേക്ക് തിരിച്ചയയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post