ഹൈദരാബാദ്: കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇൻഡിയ സഖ്യത്തെ പിന്തുണയ്ക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രിയും ബി ആർ എസ് അദ്ധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു. അൻപത് വർഷത്തിലധികം പല കാലങ്ങളിലായി പലർക്കൊപ്പം അധികാരം പങ്കിട്ടവരാണ് പുതിയ സഖ്യം രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ആർക്കൊപ്പവുമില്ല. ആർക്കൊപ്പവും ചേരാൻ ആഗ്രഹിക്കുന്നതുമില്ല. ഞങ്ങൾ ഒറ്റയ്ക്കല്ല. ഞങ്ങൾക്കും കൂട്ടുകക്ഷികളുണ്ട്. അൻപത് വർഷത്തിലധികം പല കാലങ്ങളിലായി പലർക്കൊപ്പം അധികാരം പങ്കിട്ടവരാണ് പുതിയ സഖ്യം രൂപീകരിച്ചിരിക്കുന്നത്. എന്താണ് ഇവർ പറയുന്ന ഈ പുതിയ ഇന്ത്യ? ഇക്കാലമത്രയും പലർക്കൊപ്പം അധികാരം പങ്കിട്ട ഇവർക്ക് രാജ്യത്തിന് ഗുണകരമായ ഒരു മാറ്റവും കൊണ്ടുവരാൻ സാധിച്ചിട്ടില്ല. കെസിആർ പറഞ്ഞു.
അതേസമയം, പാർലമെന്റിൽ ദേശീയ തലസ്ഥാന പ്രവിശ്യാ ഭേദഗതി ബിൽ അവതരിപ്പിക്കുമ്പോൾ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുമെന്ന് ബി ആർ എസ് നേരത്തേ സൂചന നൽകിയിരുന്നു. ബി ആർ എസിനൊപ്പം ബിജെഡിയും ബില്ലിൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുമെന്നാണ് വിവരം. ഇത് പ്രതിപക്ഷ സഖ്യത്തിനും പ്രതിപക്ഷ ഐക്യ ശ്രമങ്ങൾക്കും കനത്ത തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ.
Discussion about this post