ഹൈദരാബാദ് : തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയിൽ എട്ട് കമ്യൂണിസ്റ്റ് ഭീകരരെ പോലീസ് സംയുക്ത ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തു. നിരോധിത സിപിഐ – മാവോയിസ്റ്റ് പാർട്ടിയുടെ പാമേഡ് ഏരിയ കമ്മിറ്റിയുടെ കാഞ്ചല രസപള്ളി ആർപിസി മിലിഷ്യ കമ്മിറ്റി അംഗങ്ങളാണ് അറസ്റ്റിലായവർ. ഈ ബുധനാഴ്ച, ജില്ലയിലെ ചെർള മണ്ഡലത്തിലെ തിപ്പപുരം വനമേഖലയിൽ ചരള പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കമ്യൂണിസ്റ്റ് ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതെന്ന് ഭദ്രാചലം എഎസ്പി പരിതോഷ് പങ്കജ് പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി ഇവർ കമ്യൂണിസ്റ്റ് ഭീകര സംഘടനയിലെ അംഗങ്ങളായി പ്രവർത്തിക്കുകയാണ്. പോലീസുകാരെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ 2022 ജൂലൈയിൽ ചെർള മണ്ഡലത്തിലെ ബൈ ടി റോഡിന് താഴെ 12 കിലോഗ്രാം കുഴിബോംബ് ഇവർ സ്ഥാപിച്ചിരുന്നതായി പരിതോഷ് പങ്കജ് പറഞ്ഞു. എന്നാൽ ചാർള പോലീസും സിആർപിഎഫുകാരും സംയുക്തമായി ഈ പദ്ധതി തകർത്ത് ബോംബുകൾ നിർവീര്യമാക്കി.
നിരോധിത സംഘടന തെലങ്കാന-ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ അതിർത്തി ഗ്രാമങ്ങളിലെ വനവാസികളെ രക്തസാക്ഷി വാരാചരണത്തിന്റെ പേരിൽ യോഗങ്ങൾ സംഘടിപ്പിച്ച് ഉപദ്രവിക്കുകയാണ്. ഈ യോഗങ്ങളിൽ പങ്കെടുക്കാത്തവരെ സംഘം ഭീഷണിപ്പെടുത്തുകയും പിഴ ചുമത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഫോടകവസ്തു നിയമത്തിലെ വിവിധ വകുപ്പുകൾ, യുപിഎ ആക്ട്, എന്നിവ പ്രകാരം ചരള പോലീസ് സ്റ്റേഷനിൽ അറസ്റ്റിലായവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Discussion about this post