ന്യൂഡല്‍ഹി : ഡൽഹി സർവീസ് ബില്ലിനെ ആം ആദ്മി പാര്‍ട്ടി എതിർക്കുന്നത് അഴിമതി മറച്ചുവെക്കാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. പാര്‍ലമെന്‍റില്‍ ഡൽഹി ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി (ഭേദഗതി) ബില്ലിന്മേൽ നടന്ന ചര്ച്ചയ്ക്കിടെയാണ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്കെതിരെ ആഭ്യന്തരമന്ത്രിയുടെ രൂക്ഷ വിമര്‍ശനം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമനമോ, സ്ഥലം മാറ്റമോ നിയമം വഴി നിയന്ത്രിക്കുന്നതിനെ കുറിച്ചുള്ള വേവലാതിയല്ല മറിച്ചു കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവിലെ അഴിമതികള്‍ കണ്ടെത്തുമോ എന്ന ഭയമാണ് കേജ്രിവാളിനു ഉള്ളതെന്നും അമിത്ഷാ വിമര്‍ശിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി നവീകരിച്ചതിൽ ക്രമക്കേടുണ്ടെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
മുൻകാലങ്ങളിൽ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും എങ്ങനെയാണു ഒരുമിച്ച് പ്രവർത്തിച്ചിരുന്നതെന്ന് എടുത്തു പറഞ്ഞ ആഭ്യന്തര മന്ത്രി, 2015 ല്‍ ആപ്പ് അധികാരത്തില്‍ വന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതെന്ന് കുറ്റപ്പെടുത്തി. ജനങ്ങളെ സേവിക്കുകയല്ല പകരം കേന്ദ്ര സര്‍ക്കാരിനോട് ഏറ്റുമുട്ടുക എന്നതാണ് കേജ്രിവാളിന്റെ ഏക ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി സർവീസ് ബില്ലിന് വേണ്ടി വോട്ട് ചെയ്യുമ്പോള്‍ സഖ്യ കക്ഷികള്‍ക്ക് പകരം സംസ്ഥാനത്തെ ജനങ്ങളെ പറ്റി ചിന്തിക്കണമെന്ന് അമിത് ഷാ അഭ്യർത്ഥിച്ചു.
“തെരഞ്ഞെടുപ്പിൽ വിജയിക്കാനോ ഏതെങ്കിലും പാർട്ടിയുടെ പിന്തുണ നേടാനോ വേണ്ടി മാത്രം നിയമ നിർമ്മാണത്തെ ഉപയോഗിക്കുന്ന തരത്തിലുള്ള രാഷ്ട്രീയത്തിൽ ഏർപ്പെടരുതെന്നാണ് എല്ലാ പാർട്ടികളോടും എന്റെ അഭ്യർത്ഥന. പുതിയ സഖ്യങ്ങൾ കെട്ടിപ്പടുക്കാൻ നിരവധി മാർഗങ്ങളുണ്ട്. ബില്ലുകളും നിയമങ്ങളും ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഡൽഹിയിലെ ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്താവണം ഇതിനെ പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്യുന്നത്”, അമിത് ഷാ പറഞ്ഞു.
സഖ്യമുണ്ടാക്കിയാലും പൂർണ്ണ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post