ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് രാജ്യത്തിന്റെ പേരിലെ അക്ഷരങ്ങൾ അതേപടി ഉപയോഗിച്ച് പേരിട്ട സംഭവത്തിൽ കോടതി ഇടപെടൽ. 26 പ്രതിപക്ഷ പാർട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് അമിത് മഹാജൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി.
രാജ്യത്തിന്റെ പേര് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഉപയോഗിക്കുന്നത് തടയണം എന്ന് കാട്ടി പൊതുപ്രവർത്തകനായ ഗിരീഷ് ഭരദ്വാജ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. വിഷയത്തിൽ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണം എന്നും ഹർജിയിൽ പറയുന്നു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രമാണ് പ്രതിപക്ഷം തങ്ങളുടെ സഖ്യത്തിന് ഐ എൻ ഡി ഐ എ എന്ന പേര് നൽകിയിരിക്കുന്നത്. ഇത് രാജ്യത്തെ നിഷ്കളങ്കരായ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കും. ഇത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ടൂൾ കിറ്റായി ഉപയോഗിക്കപ്പെടും. വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ച് നേട്ടം കൊയ്യാൻ ഒരു വിഭാഗം രാജ്യത്തിന്റെ പേര് ഉപയോഗിക്കുന്നത് കലാപങ്ങളിലേക്ക് വഴിവെച്ചേക്കാം എന്നും ഹർജിക്കാരൻ ആശങ്കപ്പെടുന്നു.
വിഷയം ശ്രദ്ധപൂർവം പരിഗണിച്ച ഡൽഹി ഹൈക്കോടതി, ഒക്ടോബർ 21ന് കേസ് പരിഗണിക്കും എന്ന് അറിയിച്ചു. ഹർജിയിൽ അഭിപ്രായം അറിയിക്കാൻ കേന്ദ്ര സർക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post