ചണ്ഡിഗഢ്: ഹരിയാനയിലെ നൂഹിൽ രണ്ട് ദിവസം അഴിഞ്ഞാടിയ കലാപകാരികൾക്ക് സർക്കാരിന്റെ ബുൾഡോസർ ചികിത്സ. നൂഹ് ജില്ലയിലെ പ്രശ്‌നബാധിത മേഖലയിലെ അനധികൃത കൈയ്യേറ്റങ്ങളും നിർമിതികളും സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി. കലാപകാരികൾ കൂടുതൽ അക്രമം നടത്തിയ ടൗരു പട്ടണത്തിൽ മാത്രം 250 ഓളം കേന്ദ്രങ്ങളാണ് പൊളിച്ചത്. ബുൾഡോസർ ഒരു ചികിത്സയുടെ ഭാഗമാണെന്ന് ആയിരുന്നു ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്ജിന്റെ പ്രതികരണം.
തിങ്കളാഴ്ച വിശ്വഹിന്ദു പരിഷത് നടത്തിയ ജലാഭിഷേക യാത്ര മുസ്ലീം ഭൂരിപക്ഷ പ്രദേശമായ നൂഹിൽ എത്തിയതോടെ ഒരു വിഭാഗം സംഘടിച്ചെത്തി തടയുകയും കല്ലേറ് നടത്തുകയുമായിരുന്നു. ഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവരെയും സുരക്ഷയൊരുക്കിയ പോലീസുകാരെയും ഇവർ ആക്രമിച്ചു. ആറ് പേരാണ് കൊല്ലപ്പെട്ടത്. പലയിടത്തും വാഹനങ്ങൾ കത്തിക്കുകയും പോലീസ് സ്‌റ്റേഷന് നേരെ അക്രമം നടത്തുകയും ചെയ്തിരുന്നു.
ഭയാനകമായ സാഹചര്യമാണ് രണ്ട് ദിവസം ഹരിയാനയിൽ സൃഷ്ടിച്ചത്. മതമൗലികവാദികളുടെ ഭീഷണി ഭയന്ന് പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ രണ്ടായിരത്തിലധികം ഹൈന്ദവ വിശ്വാസികൾ മണിക്കൂറുകളോളം അഭയം തേടുന്ന സാഹചര്യവും ഉണ്ടായി. അർദ്ധസൈനിക വിഭാഗത്തെയും പോലീസിനെയും രംഗത്തിറക്കിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്കും കലാപം പടർത്താൻ തീവ്രവാദികൾ ശ്രമിച്ചെങ്കിലും പോലീസിന്റെയും സർക്കാരിന്റെയും കൃത്യമായ ഇടപെടലിൽ ഇതെല്ലാം വിഫലമാക്കുകയായിരുന്നു.
യാതൊരു പ്രകോപനവും കൂടാതെയാണ് ജലാഭിഷേക യാത്രയ്ക്ക് നേരെ അക്രമം നടത്തിയത്. കലാപം അഴിച്ചുവിട്ടവർക്കെതിരെ കർശന നടപടി വേണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഇതനുസരിച്ചാണ് മേഖലയിലെ അനധികൃത കൈയ്യേറ്റങ്ങൾ ഇടിച്ചുനിരത്താൻ സർക്കാർ ഇറങ്ങിയത്.
കലാപം ആസൂത്രിതമാണെന്ന് നേരത്തെ തന്നെ ഹരിയാന സർക്കാർ സംശയം പ്രകടിപ്പിച്ചിരുന്നു. കലാപകാരികൾ ആയുധങ്ങൾ സംഭരിച്ചിരുന്നു. കല്ലുൾപ്പെടെ പ്രദേശത്ത് ശേഖരിച്ചിരുന്നു. ഇത് കണക്കിലെടുക്കുമ്പോൾ വ്യക്തമായ ആസൂത്രണത്തോടെയുളള അക്രമമായി വേണം വിലയിരുത്താനെന്നും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post