ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. വെടിവെപ്പിനെ തുടർന്ന് ഉൾവനത്തിലേക്ക് ഓടിപ്പോയ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് വെടിയേറ്റിട്ടുണ്ട്. ഈ സൈനികരെ ശ്രീനഗറിലെ ബദാമി ബാഗ് കന്റോൺമെന്റിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുൽഗാം ജില്ലയിലെ ഹലൻ വനമേഖലയിൽ ആണ് ഒരു സംഘം ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത് . ശ്രീനഗറിൽ നിന്ന് 130 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വനമേഖലയിലെ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് പ്രാദേശിക പോലീസിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് സൈന്യം ഇവിടെ തിരച്ചിൽ നടത്തുന്നത്. കുൽഗാം പോലീസും 34 രാഷ്ട്രീയ റൈഫിൾസിന്റെ ജാട്ട് റെജിമെന്റും ചേർന്നുള്ള സംയുക്ത ദൗത്യം ആയിരുന്നു ഇത്. ഓപ്പറേഷൻ തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ജമ്മുകശ്മീർ പോലീസ് അറിയിച്ചു.
ഓഗസ്റ്റ് 1 ന് ജമ്മു കശ്മീർ പോലീസും ഇന്ത്യൻ സൈന്യവും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ കുൽഗാമിൽ നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ഭീകര സംഘത്തെ പിടികൂടിയിരുന്നു. കുൽഗാം സ്വദേശികളായ നാസിർ നബി ദാർ, ആഖിബ് മജീദ് ഗാനി, മുഹമ്മദ് അബ്ബാസ് ദാർ, സാഹിദ് അലി ഭട്ട് എന്നിവരായിരുന്നു അന്ന് അറസ്റ്റിലായ ഭീകരർ.
Discussion about this post