ലക്‌നൗ : വാരണാസിയിലെ ജ്ഞാൻവാപി മന്ദിരത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശാസ്ത്രീയ പരിശോധന പുനരാരംഭിച്ചിരിക്കുകയാണ്. പരിശോധന തടയണമെന്ന അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വീണ്ടും പരിശോധന നടത്തുന്നത്. ഹിന്ദു ക്ഷേത്രത്തിന് മുകളിലാണ് മസ്ജിദ് നിർമ്മിച്ചതെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകളാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
ജ്ഞാൻവാപി മന്ദിരത്തിന്റെ ചുവരുകളിലും തൂണുകളിലും കൊത്തിവച്ചിരിക്കുന്ന ത്രിശൂലം, സ്വസ്തിക് ചിഹ്നം, മണി, പുഷ്പത്തിന്റെ കൊത്തുപണി എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തിയിട്ടുണ്ട്.
ആദ്യ ദിവസം ചുവരുകളിലും താഴികക്കുടങ്ങളിലും തൂണുകളിലും ഉള്ള ചിഹ്നങ്ങൾ പരിശോധിച്ചു. മന്ദിരത്തിന്റെ നിർമ്മാണ ശൈലിലുള്ള പൗരാണികത രേഖപ്പെടുത്തുകയും താഴികക്കുടങ്ങളിലും തൂണുകളിലും കൊത്തിയ ചിഹ്നങ്ങൾ സർവേയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ജ്ഞാൻവാപിക്ക് സമീപം വൻതോതിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ആദ്യ ദിവസം, സർവ്വേ ഏഴ് മണിക്കൂറോളം നേരം നീണ്ടുനിന്നു. മന്ദിരത്തിന്റെ നാല് മൂലകളിലും ഡയൽ ടെസ്റ്റ് സൂചകങ്ങൾ സ്ഥാപിക്കുകയും സമുച്ചയത്തിന്റെ വിവിധ ഭാഗങ്ങളുടെ ആഴവും ഉയരവും അളക്കുകയും ചെയ്തു. ഇതോടൊപ്പം സംഘം ചിത്രങ്ങളും പകർത്തി.
എഎസ്ഐ ടീമിൽ 37 അംഗങ്ങൾ ഉണ്ടായിരുന്നു. ഐഐടിയിൽ നിന്നുള്ള വിദഗ്ധ സംഘങ്ങളും ചേർന്നതോടെ 41 അംഗങ്ങൾ പരിശോധനയ്ക്ക് എത്തി. നാല് ടീമുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ച സർവേ ഉച്ചയ്ക്ക് 12.30 വരെ തുടർന്നു. ഉച്ചയ്ക്ക് 2.30 മുതൽ വൈകുന്നേരം അഞ്ച് മണി വരെ സർവ്വേ തുടരും. ഭൂഗർഭ സ്ഥലങ്ങളുടെ സർവേ ഇന്ന് നടക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാറിലൂടെ (ജിപിആർ) മന്ദിരത്തിനുള്ളിൽ അകപ്പെട്ടുപോയ വിഗ്രഹങ്ങൾ കണ്ടെത്താനും സാധ്യതയുണ്ടെന്നാണ് വിവരം.
Discussion about this post