ഹൈദരാബാദ് : യുപിഎസ്‌സി പരീക്ഷ ജയിച്ച് ഐഎഎസുകാരിയാവുക എന്നത് ചെറിയ കാര്യമല്ല. സിവില്‍ സര്‍വ്വീസ് സ്വപ്‌നം കണ്ട് വര്‍ഷങ്ങളോളം തയ്യാറെടുപ്പ് നടത്തി നിരവധി തവണ പരീക്ഷയെഴുതിയാണ് പലരും യുപിഎസ്‌സി എന്ന കടമ്പ മറികടക്കുന്നത്. ദശലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാര്‍ഥികളില്‍ ചുരുക്കം ചിലര്‍ മാത്രമാണ് ആദ്യ തവണ തന്നെ സിവില്‍ സര്‍വ്വീസ് നേടാറുള്ളത്. എന്നാല്‍ സ്മിത സബര്‍വാര്‍വാള്‍ എന്ന കൊച്ചു മിടുക്കിക്ക് അതത്ര വലിയ കാര്യമായിരുന്നില്ല. ആദ്യ പരീക്ഷയില്‍ തന്നെ വിജയിക്കുകയും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയാവുകയും ചെയ്തു അവര്‍. 22ാം വയസ്സിലാണ് സ്മിത സിവില്‍ സര്‍വ്വീസ് നേടുന്നത്. കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമനം ലഭിച്ച എറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥ എന്ന വിശേഷണം കൂടി ഇനി സ്മിതാ സബര്‍വാളിന് സ്വന്തം.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ സെക്രട്ടറിയായാണ് സ്മിതയ്ക്ക് ഇപ്പോള്‍ നിയമനം ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഗ്രാമീണ ജല വിതരണ വകുപ്പിന്റെയും മിഷന്‍ ഭഗീരഥ പദ്ധതി തുടങ്ങി അധിക ചുമതലകളും വഹിക്കുന്നുണ്ട്. നേരത്തെ വാറങ്കല്‍, വിശാഖപട്ടണം, കരിംനഗര്‍, ചിറ്റൂര്‍, എന്നിവയുള്‍പ്പടെയുള്ള തെലങ്കാനയിലെ നിരവധി സ്ഥലങ്ങളില്‍ അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ മികച്ച സേവനത്തിനാല്‍ ‘ജനങ്ങളുടെ ഓഫീസര്‍’ എന്നാണ് സ്മിത സബര്‍വാള്‍ അറിയപ്പെടുന്നത്.
ഐഎഎസ് ഓഫീസര്‍ സ്മിത സബര്‍വാള്‍ 2000-ലെ യുപിഎസ്സി പരീക്ഷയില്‍ നാലാം റാങ്ക് നേടിയാണ് വിജയിച്ചത്. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് സ്വദേശിയായ സ്മിത സബര്‍വാള്‍ റിട്ടയേര്‍ഡ് ആര്‍മി കേണല്‍ പ്രണബ് ദാസിന്റെ മകളാണ്. ഹൈദരാബാദിലെ സെന്റ് ഫ്രാന്‍സിസില്‍ നിന്നാണ് സ്മിത സബര്‍വാള്‍ കൊമേഴ്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയത്. ‘ആര്‍മി ബ്രാറ്റ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്മിത ട്വിറ്ററില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുമായി സോഷ്യല്‍ മീഡിയയിലും പ്രശസ്തയാണ്.
Discussion about this post