ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ ജഗ്ദീഷ് ടൈറ്റ്ലറിനെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ ദൃക്സാക്ഷി മൊഴികൾ പുറത്ത്. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്‌ലർക്ക് എതിരെ കൊലക്കുറ്റമാണ് സിബിഐ ചുമത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് ജനക്കൂട്ടത്തെ കലാപത്തിന് പ്രേരിപ്പിച്ചെന്നും അതിന് നേതൃത്വം നൽകിയെന്നും മൊഴിയിൽ ആരോപണമുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിനു പിന്നാലെ ഡൽഹിയിൽ നടന്ന സിഖ് കൂട്ടക്കൊലയ്ക്കിടയിൽ പുൽ ബംഗഷ് ഗുരുദ്വാരയിൽ തീയിട്ട് 3 പേരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ജഗദീഷ് ടൈറ്റ്‌ലർ പ്രതികൂട്ടിലായിരിക്കുന്നത്. കേസിൽ നേരത്തെ ജഗദീഷിന് ജാമ്യം അനുവദിച്ചിരുന്നു.
‘അദ്ദേഹം (ടൈറ്റ്ലർ) കാറിൽ നിന്നിറങ്ങി ജനക്കൂട്ടത്തെ സിഖുകാരെ കൊല്ലാൻ പ്രേരിപ്പിച്ചു, എന്നിട്ട് അവരുടെ കടകൾ കൊള്ളയടിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് ഒരു ദൃക്‌സാക്ഷി മൊഴി. ‘നിങ്ങളെ ഒന്നും ബാധിക്കില്ലെന്ന് ഞാൻ പൂർണ്ണമായും ഉറപ്പ് നൽകുന്നു. നിങ്ങൾ സിഖുകാരെ കൊന്നാൽ മാത്രം മതിയെന്ന് പറഞ്ഞെന്നാണ് മറ്റൊന്ന്. ജഗദീഷ് ടൈറ്റ്ലർക്കൊപ്പം ഇരുന്ന ഒരാൾ നൂറോളം സിഖുകാരെ കൊലപ്പെടുത്തിയതിൽ തനിക്ക് പങ്കുണ്ടെന്ന് സമ്മതിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങൾ അടങ്ങിയ കത്തും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.
ഡൽഹിയിലെ മറ്റു പ്രദേശങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ തന്റെ മണ്ഡലത്തിൽ കൊല്ലപ്പെട്ട സിഖുകാരുടെ എണ്ണം കുറഞ്ഞുപോയെന്നും, ഇതുമൂലം േദശീയ നേതൃത്വത്തിനു മുന്നിൽ തനിക്കു ചീത്തപ്പേരുണ്ടായെന്നും ടൈറ്റ്‌ലർ പറഞ്ഞതായും സാക്ഷിമൊഴിയുണ്ട്. വൻതോതിൽ സിഖുകാരെ കൊല്ലാമെന്ന് താൻ ഉറപ്പു നൽകിയെങ്കിലും, അനുയായികൾ തന്നെ ചതിച്ചതായി അദ്ദേഹം ആരോപിച്ചെന്നും സാക്ഷികളെ ഉദ്ധരിച്ച് കുറ്റപത്രത്തിൽ പറയുന്നു.
Discussion about this post