ന്യൂഡൽഹി: ഹരിയാന കലാപം ആളിക്കത്തിക്കാൻ ശ്രമിച്ചതിൽ പാകിസ്താനി യൂട്യൂബ് ചാനലിനും പങ്ക്. 80,000 ഫോളോവേഴ്‌സുണ്ടായിരുന്ന ചാനൽ യൂട്യൂബ് നീക്കി. തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചതിനും സാമുദായിക സ്പർദ്ധ വളർത്തിയതിനുമാണ് നടപടി.
അഹ്‌സാൻ മേവാതി പാകിസ്താനി എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നടപടി സ്വീകരിച്ചത്. ചാനൽ നീക്കുമ്പോൾ 273 വീഡിയോകൾ പബ്ലീഷ് ചെയ്തിരുന്നു. പാകിസ്താനിലെ മേൽവിലാസത്തിലുളള സീഷാൻ മുഷ്താഖ് എന്നയാളുടെ ഇ മെയിൽ വിലാസത്തിലാണ് ചാനൽ രജിസ്റ്റർ ചെയ്തിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
ഐപി മേൽവിലാസം പരിശോധിച്ചതിൽ നിന്ന് ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. പാകിസ്താനിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കേന്ദ്രീകൃത ഇന്റർനെറ്റ് ശൃംഖലയുടെ ഭാഗമായ പാകിസ്താൻ എഡ്യുക്കേഷൻ ആന്റ് റിസർച്ച് നെറ്റ് വർക്കിന്റെ ഭാഗമായുളള ഐപി അഡ്രസ് ആണ് പുറത്തുവന്നത്.
ഹരിയാനയിലെ സംഘർഷമേഖലകളിൽ മതവിഭാഗങ്ങൾക്കിടയിൽ അവിശ്വാസം വളർത്തുന്ന തരത്തിലുളള കണ്ടെന്റുകളാണ് ചാനലിലൂടെ പ്രചരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ അധികൃതർ പരാതി നൽകുകയായിരുന്നു.
തിങ്കളാഴ്ചയാണ് വിശ്വഹിന്ദു പരിഷതിന്റെ ജലാഭിഷേക യാത്ര നൂഹ് ജില്ലയിലെത്തിയപ്പോൾ ഒരു സംഘം ഇസ്ലാമിക തീവ്രവാദികൾ തടയുകയും കല്ലേറ് നടത്തുകയും ആയിരുന്നു. പോലീസുകാരെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്തിരുന്നു. ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷമാണ് സംഘർഷങ്ങൾ നിയന്ത്രണവിധേയമായത്.
Discussion about this post