ചണ്ഡിഗഢ്: ഇൻഡിഗോ എയർലൈൻസിന്റെ മോശം സർവ്വീസുകൾക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ്. കോൺഗ്രസിന്റെ പഞ്ചാബ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജയാണ് കമ്പനിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. ചണ്ഡിഗഢിൽ നിന്ന് ജോധ്പൂർ വരെയുളള യാത്രാനുഭവം പങ്കുവെച്ചായിരുന്നു പരാതി.
ഭയാനകമായ അനുഭവമാണ് ഉണ്ടായതെന്ന് അമരീന്ദർ സിംഗ് രാജ ട്വിറ്ററിൽ കുറിച്ചു. കത്തുന്ന വെയിലിൽ 15 മിനിറ്റോളം വിമാനത്തിൽ കയറാൻ ക്യൂ നിൽക്കേണ്ടി വന്നു. വിമാനത്തിനുളളിൽ കയറിയപ്പോഴായിരുന്നു അതിലേറെ ഞെട്ടിയത്. എസി ഇല്ല. യാത്രയുടെ തുടക്കം മുതൽ ജോധ്പൂരിൽ ലാൻഡ് ചെയ്യുന്നത് വരെ എസി ഇല്ലാതെയാണ് സഞ്ചരിച്ചതെന്നും അമരീന്ദർ കുറിച്ചു.
യാത്രക്കാരുടെ പരാതിയും ആശങ്കയും വിമാനജീവനക്കാർ ആരും ഗൗനിച്ചില്ല. ചൂട് സഹിക്കാനാകാതെ യാത്രക്കാർ കൈയ്യിലുണ്ടായിരുന്ന പേപ്പറുകളും ബ്രോഷറുകളും മറ്റും ഉപയോഗിച്ച് വീശുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു.
സാങ്കേതിക തകരാർ ആയിരിക്കാം ഉണ്ടായത്. പക്ഷെ അത് വിമാന കമ്പനി അധികൃതരോ ജീവനക്കാരോ ഗൗരവത്തിലെടുത്തില്ല. യാത്രക്കാരിൽ നിന്ന് പണം വാങ്ങുകയും അവരുടെ ആരോഗ്യവും സുരക്ഷയും പണയപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ട്വിറ്ററിൽ ആവശ്യപ്പെട്ടു.
Had one of the most horrifying experiences while traveling from Chandigarh to Jaipur today in Aircraft 6E7261 by @IndiGo6E. We were made to wait for about 10-15 minutes in the queue in the scorching sun and when we entered the Plane, to our shock, the ACs weren't working and the… pic.twitter.com/ElNI5F9uyt
— Amarinder Singh Raja Warring (@RajaBrar_INC) August 5, 2023
ഇനിയും യാത്രക്കാർ ഇത്തരം പ്രയാസകരമായ അവസ്ഥയിലൂടെ കടന്നുപോകാൻ ഇടയാകരുത് അതുകൊണ്ടു തന്നെ ഇൻഡിഗോ കമ്പനിക്കെതിരെ ശക്തമായ നടപടി വേണമെന്ന് അദ്ദേഹം കുറിച്ചു. ഇൻഡിഗോയിലെ മോശം യാത്രാനുഭവങ്ങൾക്ക് നേരത്തെയും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. അമരീന്ദർ സിംഗ് രാജയുടെ അനുഭവം ട്വിറ്ററിൽ വലിയ ചർച്ചകൾക്കും വഴിവെച്ചു.
Discussion about this post