ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ഡെങ്കിപ്പനി പടർന്നുപിടിക്കുന്നു. ഡൽഹിയിൽ വെള്ളപ്പൊക്കത്തിന് പിന്നാലെ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. ഡൽഹിയിലെ മുൻസിപ്പൽ കോപ്പറേഷന്റെ റിപ്പോർട്ട് അനുസരിച്ചു ജനുവരി 1 മുതൽ ജൂലൈ 28 വരെ 121 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ജൂലൈ 28 വരെ 72 പേർക്ക് മലേറിയയും 14 പേർക്ക് ചിക്കുൻഗുനിയയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിശോധനയ്ക്ക് അയച്ച ഭൂരിഭാഗം സാമ്പിളുകളിലും അപകടകാരിയായ ടൈപ്പ് 2 ഡെങ്കിപ്പനി കണ്ടെത്തിയതോടെ, പകർച്ച വ്യാധികളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ സർക്കാരും ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും (എംസിഡി) ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തിൽ നഗരത്തിൽ ദിവസങ്ങളോളം വെളളം കെട്ടിക്കിന്നിരുന്നു. കൊതുക് പെരുകുന്നത് തടയാൻ ചുമതലപ്പെടുത്തിയ ജീവനക്കാർ സമരം ചെയ്തത് സ്ഥിതി കൂടുതൽ വഷളാക്കി. സർക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് ജനങ്ങൾ പറയുന്നത്.
നജഫ്ഗഡിലെ പല സ്ഥലങ്ങളിലും ഡെങ്കിപ്പനിക്കെതിരെ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് ജനങ്ങൾ പരാതിപ്പെട്ടു. കഴിഞ്ഞ വർഷം ജൂണിൽ, മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ വീടുകളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ എത്തിയിരുന്നു. അവർ കുഴികളിൽ കെട്ടിക്കിടക്കുന്ന വെള്ളവുംമറ്റും വൃത്തിയാക്കി. എന്നാൽ ഈ വർഷം ഓഗസ്റ്റ് മാസമായിട്ടും ഒരു തരത്തിലുളള പരിശോധനകളും നടന്നിട്ടില്ലെന്ന് നജഫ്ഗഡിൽ താമസിക്കുന്ന 68 കാരിയായ റോഷിനി പറഞ്ഞു.
Discussion about this post