പാകിസ്താനെ മുട്ടുകുത്തിച്ച് ബലൂചിസ്ഥാനിൽ സായുധ പോരാട്ടം ശക്തമാകുന്നു. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) നടത്തിയ ഏകോപിത ആക്രമണങ്ങളിൽ പാക് സൈന്യം അക്ഷരാർത്ഥത്തിൽ പകച്ചുപോയിരിക്കുകയാണ്. ആക്രമണത്തിന് ചുക്കാൻ പിടിച്ച വനിതാ ചാവേറുകളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അത്യാധുനിക ആയുധങ്ങളുമായി പാക് സൈന്യത്തെ വെല്ലുവിളിക്കുന്ന ഈ വനിതാ പോരാളികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയാണ്.
നിസ്സാരക്കാരായ സാധാരണക്കാരെയും സ്ത്രീകളെയും പീഡിപ്പിക്കാൻ മാത്രമേ പാക് സൈന്യത്തിന് അറിയാവൂ എന്നും തങ്ങളെ നേരിടാൻ അവർക്ക് ധൈര്യമില്ലെന്നും വീഡിയോയിലുള്ള വനിതാ ചാവേർ പരിഹസിക്കുന്നു. “ഇന്ന് നിങ്ങൾ നേരിടാൻ പോകുന്നത് ബലൂചിസ്ഥാനിലെ പെൺകരുത്തിനെയാണ്. ഞങ്ങളെ നേരിടുക എന്നത് എത്രത്തോളം കഠിനമാണെന്ന് ഇന്ന് നിങ്ങൾ മനസ്സിലാക്കും,” ചിരിച്ചുകൊണ്ട് തോക്കേന്തി നിൽക്കുന്ന യുവതി പറയുന്നു. പാക് സൈനിക താവളത്തിന് നേരെ തുരുതുരാ വെടിയുതിർക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
വെള്ളിയാഴ്ച രാത്രി ആരംഭിച്ച ആക്രമണത്തിൽ 17 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 50 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായി പാക് സൈന്യം നടത്തിയ 40 മണിക്കൂർ നീണ്ട ഓപ്പറേഷനിൽ 140-ലധികം ഭീകരരെ വധിച്ചതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി അവകാശപ്പെട്ടു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന് സ്വന്തം വിന തന്നെ തിരിച്ചടിയാകുന്ന കാഴ്ചയാണ് ബലൂചിസ്ഥാനിൽ കാണുന്നത്. സ്വന്തം ജനതയുടെ സ്വാതന്ത്ര്യദാഹത്തെ തോക്കിൻമുനയിൽ അടിച്ചമർത്താൻ നോക്കിയ പാകിസ്താന് ഇപ്പോൾ വനിതാ ചാവേറുകൾ വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
ദശകങ്ങളായി പാക് സൈന്യത്തിന്റെ ക്രൂരതകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ഇരയാകുന്ന ബലൂച് ജനത ഇപ്പോൾ സായുധ വിപ്ലവത്തിന്റെ പാതയിലാണ്. ചൈനയുടെ കടന്നുകയറ്റവും പാക് ഭരണകൂടത്തിന്റെ വിഭവക്കൊള്ളയും ബലൂചിസ്ഥാനെ ഒരു അഗ്നിപർവ്വതമാക്കി മാറ്റിയിരിക്കുന്നു. ആഗോളതലത്തിൽ ഒറ്റപ്പെട്ട പാകിസ്താൻ, ആഭ്യന്തര കലാപങ്ങളാൽ തകരുന്ന കാഴ്ചയാണ് പുറത്തുവരുന്നത്.












