കോഴിക്കോട്; താമരശ്ശേരിയിൽ 19 കാരിയുടെ ഇരുകാലുകളും കൈകളും ഭർത്താവ് തല്ലിയൊടിച്ചതായി പരാതി. സംഭവത്തിൽ ഭർത്താവായ തൃശൂർ സ്വദേശി ബഹാവുദ്ദീൻ അൽത്താഫിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് താമരശ്ശേരി പോലീസ് പറഞ്ഞു. 19 കാരിയായ ഭാര്യയ്‌ക്കൊപ്പം താമരശ്ശേരിയിൽ വാടക വീട്ടിലാണ് അൽത്താഫ് താമസിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഒമ്പത് മാസം മുൻപാണ് പരാതിക്കാരിയും പ്രതിയും വിവാഹിതരായത്. അന്ന് മുതൽ അൽത്താഫ് ശാരീരിക മാനസിക പീഡനങ്ങൾ ആരംഭിച്ചതായി പെൺകുട്ടി ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് ക്രൂരപീഡനം തുടർന്നതോടെ പോലീസിൽ പരാതി നൽകാൻ ഒരുങ്ങിയെങ്കിലും ഒത്തുതീർപ്പിൽ എത്തുകയായിരുന്നു.
എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച ഇയാൾ പെൺകുട്ടിയെ അതിക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ബന്ധുക്കളും ഇയാളുടെ ക്രൂരതയ്ക്ക് കൂട്ടുനിന്നതായി പെൺകുട്ടിയുടെ പരാതിയിലുണ്ട്.
Discussion about this post