ന്യൂഡൽഹി: ഡൽഹി ബില്ലിന്റെ ചർച്ചയിൽ രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബില്ലിനെതിരെ കോൺഗ്രസിന്റെ പിന്തുണയെക്കുറിച്ച് സംസാരിച്ച ആം ആദ്മി പാർട്ടിയെയും കോൺഗ്രസിനെയും അമിത് ഷാ നിശിതമായി വിമർശിച്ചു.
കോൺഗ്രസിനെ എതിർത്തുകൊണ്ടാണ് ആം ആദ്മി പാർട്ടി പിറന്നത്. കോൺഗ്രസിനെതിരെ നിരന്തരം പുലഭ്യം പറഞ്ഞുകൊണ്ടാണ് അവർ വന്നതും. ഇന്ന് ബില്ലിനെ എതിർക്കാൻ എഎപി കോൺഗ്രസിന്റെ പിന്തുണ തേടുകയാണ്. ഒന്നും സംഭവിക്കില്ല. ബില്ല് സഭയിൽ പാസായാൽ കെജ് രിവാൾ വീണ്ടും മലക്കം മറിയുമെന്നും അമിത് ഷാ പരിഹസിച്ചു.
പ്രതിപക്ഷം പറയുന്നത് ഞങ്ങൾക്ക് നാഗ്പൂരിൽ നിന്ന് നിർദ്ദേശം ലഭിക്കുന്നുവെന്നാണ്. നാഗ്പൂർ ഇന്ത്യയുടെ ഭാഗമാണ്. അല്ലാതെ അവർക്ക് ഉപദേശം ലഭിക്കുന്നതുപോലെ ചൈനയിലും റഷ്യയിലുമല്ലെന്ന് അമിത് ഷാ പറഞ്ഞു.
ബില്ല് പാസായി കഴിഞ്ഞാൽ കെജ് രിവാൾ ഇൻഡിയ സഖ്യം ഉപേക്ഷിക്കും. കോൺഗ്രസിന് മനസാക്ഷിയുണ്ടെങ്കിൽ ബില്ലിനെ പിന്തുണയ്ക്കുകയാണ് വേണ്ടത്. പക്ഷെ അവർക്ക് സഖ്യം സംരക്ഷിക്കാനാണ് താൽപര്യമെന്നും അമിത് ഷാ വിമർശിച്ചു.
ഡൽഹിയിലെ എഎപി സർക്കാരിന്റെ പ്രവർത്തനങ്ങളിലെ വീഴ്ചകളും അമിത് ഷാ എണ്ണമിട്ട് നിരത്തി. കഴിഞ്ഞ വർഷം ആറ് മന്ത്രിസഭാ യോഗങ്ങൾ മാത്രമാണ് ഡൽഹിയിൽ ചേർന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് മന്ത്രിസഭാ യോഗങ്ങൾ ബജറ്റുമായി ബന്ധപ്പെട്ടതായിരുന്നു. മൂന്നെണ്ണം ഒരു വൈദ്യുത കമ്പനിക്ക് ആനുകൂല്യം നൽകാനും. ഡൽഹിയിൽ അഴിമതി വിരുദ്ധ ഭരണം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ബില്ലെന്നും അമിത് ഷാ പറഞ്ഞു.
ഓക്‌സ്ഫഡ് ഡിക്ഷണറിയിലെ മനോഹരമായ നീണ്ട വാക്കുകൾ കൊണ്ട് അസത്യം പ്രചരിപ്പിച്ചാൽ അത് സത്യമാവില്ലെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post