ന്യൂഡൽഹി : ഇന്ത്യയിൽ രാജ്യവിരുദ്ധത സൃഷ്ടിക്കാനും ചൈനീസ് പ്രചരണത്തിനുമായി ഇന്ത്യയിലെ ഇടത് അനുകൂല മാധ്യമമായ ന്യൂസ് ക്ലിക്ക് പോർട്ടൽ വൻതോതിൽ വിദേശ ധനസഹായം കൈപ്പറ്റി എന്നുള്ള ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തൽ രാജ്യത്ത് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ന്യൂസ്‌ക്ലിക്ക് പോർട്ടൽ കമ്പനിയിലേക്ക് 86 കോടിയിലധികം രൂപയുടെ വിദേശ ഫണ്ട് നിക്ഷേപം നടന്നുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഈ വെളിപ്പെടുത്തലുകളെ കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷിക്കും. 2021 സെപ്റ്റംബറിൽ ന്യൂസ് പോർട്ടലിൽ ED റെയ്ഡ് നടത്തുകയും സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ പ്രബീർ പുർകയസ്ത ഉൾപ്പെടെയുള്ള പ്രമോട്ടർമാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ന്യൂസ്‌ക്ലിക്ക് പോർട്ടലിനെതിരെ അന്വേഷണം നടത്തിയതെന്ന് അന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു . 2021-ൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ, ന്യൂസ്‌ക്ലിക്ക് മീഡിയ പോർട്ടലിന് വിദേശത്ത് നിന്ന് 38 കോടി രൂപയുടെ ഫണ്ട് ലഭിച്ചതായി വെളിപ്പെടുത്തിയിരുന്നു. തീവ്ര ഇടതുപക്ഷവാദിയും അമേരിക്കൻ ശതകോടീശ്വരനുമായ നെവിൽ റോയ് സിംഗാം വഴിയാണ് ഈ വിദേശ ധനസഹായം ഇന്ത്യയിലേക്ക് എത്തുന്നത് എന്നാണ് ഇപ്പോൾ ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തിയിരിക്കുന്നത്.
വിദേശ ശക്തികളുമായി ചേർന്ന് ഇന്ത്യാവിരുദ്ധ ഘടകങ്ങൾ പ്രചരിപ്പിക്കുക, രാജ്യത്തെ അപമാനിക്കാനും രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ ലക്ഷ്യം വയ്ക്കാനുമുള്ള ഗൂഢാലോചന നടത്തുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾ ഇവർ ചെയ്യുന്നതായി നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.
കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിന് 2018 ഏപ്രിലിൽ ലഭിച്ച 9.59 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമായിരുന്നു അന്വേഷണങ്ങൾക്ക് ആരംഭം കുറിച്ചതെന്ന് കരുതപ്പെടുന്നു . അമേരിക്ക ആസ്ഥാനമായുള്ള വേൾഡ് വൈഡ് മീഡിയ ഹോൾഡിംഗ്സ് എൽഎൽസി, യുഎസ്എ എന്ന ഒരു ഡെലവെയർ ലിമിറ്റഡ് ലയബിലിറ്റി കമ്പനിയിൽ നിന്നുള്ള ഈ ഫണ്ട് ട്രാൻസ്ഫർ കഴിഞ്ഞയുടനെ തന്നെ ആ സ്ഥാപനം അടച്ചു പൂട്ടിയിരുന്നു.
ന്യൂസ്‌ക്ലിക്ക് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ചൈനീസ് പ്രചരണത്തിന്റെ അപകടകരമായ ആഗോള ശൃംഖലയാണെന്ന് 2021 മുതൽ ഇന്ത്യ ലോകത്തോട് പറഞ്ഞുവരുന്നതാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ഉദ്ധരിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി. രണ്ട് വർഷം മുമ്പ് ന്യൂസ്‌ക്ലിക്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്ഡ് നടത്തിയപ്പോൾ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം ഉയർത്തിക്കാട്ടി കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്‌തതിനെകുറിച്ചും അനുരാഗ് താക്കൂർ വിമർശിച്ചു.
Discussion about this post