ന്യൂഡൽഹി: രൂപഭംഗിയില്ലെന്ന കാരണത്താൽ പങ്കാളി ഉപേക്ഷിച്ചതിനെ തുടർന്ന് ടിക് ടോക് ഫോളോ ചെയ്ത് വണ്ണം കുറയ്ക്കാൻ ശ്രമിച്ച 22 വയസ്സുകാരിക്ക് നേരിടേണ്ടി വന്നത് തീരാദുരിതം. ആഹാര നിയന്ത്രണം അനോറെക്സിയയുടെ മാരകമായ അവസ്ഥയിലേക്ക് കടക്കുകയും കുളിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ എത്തിപ്പെടുകയും ചെയ്തിരിക്കുകയാണ് ജെസ് ജോൺസ് എന്ന വിദ്യാർത്ഥിനി.
ശരീരം അത്രമേൽ ദുർബലമായതിനാൽ കുളിക്കുക പോലും ചെയ്യരുത് എന്നാണ് ജോൺസിന് ഡോക്ടർമാർ നൽകിയിരിക്കുന്ന ഉപദേശം. കുളിക്കുമ്പോൾ ശരീരത്തിൽ ഏൽക്കുന്ന നേരിയ മർദ്ദം പോലും ഹൃദയാഘാതത്തിന് കാരണമായേക്കാം എന്നാണ് ഡോക്ടർമാർ പറയുന്നത്.
അമിതവണ്ണം ഒഴിവാക്കാൻ വേണ്ടിയാണ് ടിക് ടോക് മാർഗനിർദേശങ്ങൾ പിന്തുടർന്ന് ജോൺസ് ആഹാര നിയന്ത്രണം ആരംഭിച്ചത്. പൊണ്ണത്തടി മൂലമുള്ള അപകർഷതാ ബോധം നിമിത്തം, ആഹാരം കഴിക്കാൻ തനിക്ക് യോഗ്യതയില്ല എന്ന് ധരിച്ചു. ഇത് മാനസികമായും വലിയ പിരിമുറുക്കം സമ്മാനിച്ചുവെന്ന് ‘ദ് സൺ‘ പത്രത്തോട് ജെസ് ജോൺസ് വെളിപ്പെടുത്തി.
പിന്നീട് പതിയെ പതിയെ ഭക്ഷണം കാണുന്നത് പോലും വെറുപ്പായി മാറി. വിശപ്പ് എന്നത് ഒരു ഉന്മാദമായി മാറിയതോടടെ അത് ആസ്വദിക്കാൻ തുടങ്ങി. വിശപ്പിനോട് പിന്നീട് വല്ലാത്ത ഭ്രമമായി മാറി. ഏറ്റവും വലിയ ലഹരി വിശപ്പാണെന്ന് ചിന്തിക്കാൻ തുടങ്ങി. ജോൺസ് തുടരുന്നു.
ശരീരം നാൾക്കുനാൾ ദുർബലമായിക്കൊണ്ടേയിരുന്നു. പടികൾ കയറാൻ പോലും പറ്റാത്ത അവസ്ഥ വന്നപ്പോൾ ബന്ധുക്കൾ ഡോക്ടറെ കാണാൻ ഉപദേശിച്ചു. ഇതിനിടെ ആർത്തവം ഇല്ലാത്ത അവസ്ഥ വന്നു. ഇത് വന്ധ്യതയിലേക്ക് നയിക്കുമെന്ന് ഭയന്നപ്പോഴാണ് ഡോക്ടറെ കണ്ടത്. അപ്പോഴാണ് അനോറെക്സിയ നെർവോസ എന്ന അവസ്ഥയാണ് തനിക്കെന്ന് ബോദ്ധ്യമായത്.
ചില സമയങ്ങളിൽ വിശപ്പ് മൂലം വീണു പോകും എന്ന അവസ്ഥ വന്നപ്പോൾ നന്നായി ഭക്ഷണം കഴിച്ചു. എന്നാൽ വിശപ്പ് അടങ്ങിയപ്പോൾ കുറ്റബോധം തോന്നി ഭക്ഷണമെല്ലാം ഛർദ്ദിച്ച് കളഞ്ഞു. ചിലപ്പോഴൊക്കെ മരുന്ന് കഴിച്ച് വയറിളക്കുകയും ചെയ്തു. ഇതൊക്കെ ഈ രോഗമുള്ളവർ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളാണെന്ന് ഡോക്ടർ പറഞ്ഞപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ജോൺസ് പറഞ്ഞു.
മാരകമായ ഒരു അവസ്ഥയായിരുന്നു അതെന്നും ജീവൻ വരെ അപകടത്തിലായിരുന്നുവെന്നും പിന്നീട് ബോദ്ധ്യമായി. എന്നാൽ ഇപ്പോൾ ചികിത്സ ആരംഭിച്ചതോടെ അവസ്ഥയ്ക്ക് മാറ്റമുണ്ട്. മരുന്നുകൾക്കും ഭക്ഷണത്തിനുമൊപ്പം മനശാസ്ത്ര കൗൺസിലിംഗിനും വിധേയയാകുന്നുണ്ട്. എത്രയും വേഗം രോഗം ഭേദമാകട്ടെ എന്നാണ് ഇപ്പോഴത്തെ ആഗ്രഹം. എന്നിട്ട് വേണം ആസ്വദിച്ച് കുളിക്കാനും നന്നായി ഭക്ഷണം കഴിച്ച് ശാന്താമായി ഉറങ്ങാനുമെന്ന് അഭിമുഖത്തിൽ ജെസ് ജോൺസ് പറയുന്നു.
Discussion about this post