ഇസ്താംബൂള്‍: തീവ്രവാദ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ഒരുമിച്ചു നില്‍ക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഏത് രൂപത്തിലും ഏത് പേരിലും തീവ്രവാദ സംഘങ്ങള്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഇല്ലെന്ന് ഉറപ്പിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.ഇസ്താംബൂളില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ മന്ത്രിതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്.
അഫ്ഗാനിസ്ഥാന്റെ സുസ്ഥിരതയ്ക്കും വികസനത്തിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി . തീവ്രവാദത്തെ ചെറുത്തുതോല്പിക്കുന്ന അഫ്ഗാനിലെ സുരക്ഷാസേനയെയും ജനങ്ങളെയും സുഷമാസ്വരാജ് അഭിനന്ദിക്കുകയും ചെയ്തു.അഫ്ഗാനെ സംബന്ധിച്ച് ഇക്കാര്യത്തില്‍ എല്ലാവര്ക്കും പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും അഫ്ഗാനില്‍ സമാധാനം നിലനില്ക്കണമെങ്കില് തീവ്രവാദത്തിന് അറുതി വരുത്തണമെന്നും അവര്‍ വ്യക്തമാക്കി. ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തിനായി അടുത്ത വര്‍ഷം ഇന്ത്യയിലേക്ക് നേതാക്കളെ ക്ഷണിക്കാനും സുഷമ മറന്നില്ല.
വ്യാപാര രംഗത്ത് അഫ്ഗാനുമായി കൂടുതല്‍ സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും അഫ്ഗാന് പാകിസ്ഥാന് വ്യാപാര കരാറിന്റെ ഭാഗമാകാന്‍ ഇന്ത്യയ്ക്ക് താല്പര്യമുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു.ഇന്ത്യയും പാകിസ്ഥാനും മേഖലാ സഹകരണവും വ്യാപാരവും മെച്ചപ്പെടുത്താനുള്ള പക്വതയും ആത്മവിശ്വാസവും കാണിക്കേണ്ടതുണ്ട്. മാറ്റത്തിനായി ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. അവരെ നിരാശപ്പെടുത്തരുതെന്നും സുഷമ സ്വരാജ് സൂചിപ്പിച്ചു. ഹൃദയധമനികളില്‍ തടസം നേരിട്ടാല്‍ ഏഷ്യയുടെ ഹൃദയത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സുഷമ പറഞ്ഞു. പാകിസ്ഥാന് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായും സുഷമ ചര്‍ച്ച നടത്തി. നേരത്തെ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഘാനിയുമായി സുഷമ സ്വരാജ് ചര്‍ച്ച നടത്തിയിരുന്നു.
Discussion about this post