ബംഗളൂരു : ഇന്ത്യയിൽ ഹവാന സിൻഡ്രോം ഉണ്ടാകുന്നതിനുള്ള സാധ്യതയെക്കുറിച്ച് കേന്ദ്രം അന്വേഷിക്കും. ദുരൂഹമായ ഈ രോഗാവസ്ഥയെക്കുറിച്ചും അത് പകരുന്നത് തടയുന്നതിനുള്ള നടപടികളെക്കുറിച്ചും കേന്ദ്രം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ട ഒരു ഹർജി ആണ് കേന്ദ്രസർക്കാരിന്റെ ഈ നടപടിക്ക് കാരണമായിട്ടുള്ളത്. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സമയബന്ധിതമായി വിഷയം പരിശോധിക്കാമെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ബംഗളൂരു സ്വദേശിയായ എ അമർനാഥ് ചാഗു എന്നയാളാണ് കർണാടക ഹൈക്കോടതിയിൽ ഈ ഹർജി ഫയൽ ചെയ്തത്. ഹവാന സിൻഡ്രോം എന്നത് യുഎസ് ഇന്റലിജൻസും വിവിധ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥരും അനുഭവിക്കുന്ന മാനസികാരോഗ്യ വെല്ലുവിളികളെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ്. ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്നതായി തോന്നുക , ഓക്കാനം, തലകറക്കം, തലവേദന, ഓർമ്മക്കുറവ്, ബാലൻസ് പ്രശ്‌നങ്ങൾ എന്നിവയാണ് ഈ രോഗത്തിന് പ്രധാനമായി പ്രകടമാകുന്ന ലക്ഷണങ്ങൾ. 2021-ൽ, സെൻട്രൽ ഇന്റലിജൻസ് ഏജൻസി (CIA) ഡയറക്ടർ വില്യം ബേൺസിനൊപ്പം ഡൽഹിയിലേക്ക് യാത്ര ചെയ്ത ഒരു യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥന് ഹവാന സിൻഡ്രോമിന് സമാനമായ ലക്ഷണങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ക്യൂബയിലെ ഹവാനയിലുള്ള എംബസിയിലെ യുഎസ് ഉദ്യോഗസ്ഥരിലാണ് 2016-ൽ ഈ ലക്ഷണങ്ങൾ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിനെ തുടർന്നാണ് ഈ പ്രശ്നത്തിന് ഹവാന സിൻഡ്രോം എന്ന് പേര് ലഭിക്കുന്നത്. ഉയർന്ന ആവൃത്തിയിലുള്ള മൈക്രോവേവ് ട്രാൻസ്മിഷനുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രശ്നങ്ങളാണ് ഹവാന സിൻഡ്രോം ഉണ്ടാക്കുന്നത് എന്ന് കരുതപ്പെടുന്നു. എങ്കിലും ഈ അസുഖത്തിന്റെ യഥാർത്ഥ കാരണം ഇപ്പോഴും അജ്ഞാതമാണ്.
Discussion about this post