കണ്ണൂർ : മിത്ത് പരാമർശം വിവാദമായതോടെ സ്വന്തം മണ്ഡലത്തിലെ ക്ഷേത്രക്കുളം നവീകരിക്കാൻ 64 ലക്ഷം രൂപനൽകിയിരിക്കുകയാണ് സ്പീക്കർ എഎൻ ഷംസീർ. തലശ്ശേരി കോടിയേരിയിലെ കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാനാണ് ഈ തുക അനുവദിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷംസീർ തന്നെയാണ് അറിയിച്ചത്.
ഹൈന്ദവ ദൈവങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരെ നടത്തിയ പരാമർശം വിവാദമായതോടെ സ്പീക്കർ മാപ്പ് പറയണമെന്നും പദവി ഒഴിയണമെന്നുമുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ തന്റെ നിലപാടിൽ ഉറച്ചുനിന്ന സ്പീക്കർ പിന്നീട് ഗണപതി പ്രീതിക്കായി 64 ലക്ഷം അനുവദിക്കുകയായിരുന്നു. ‘ശ്യാമാംബരം മുഖ സാഗരം, തുളസീദളം അതിസുന്ദരം’ എന്ന ഗണപതി സ്തുതിഗീതത്തോടൊപ്പം ക്ഷേത്രത്തിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
ഒന്നരകൊല്ലം മുൻപാണ് ക്ഷേത്രക്കുളം നവീകരിക്കണം എന്ന ആവശ്യവുമായി ക്ഷേത്രകമ്മിറ്റിക്കാർ അപേക്ഷ നൽകിയത്. അതിനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ കാരാൽതെരുവിലെ ഗണപതി ക്ഷേത്രകമ്മിറ്റി ഭാരവാഹികളും സ്പീക്കർക്ക് പിന്തുണയുമായി രംഗത്തെത്തി. ”തെറ്റായ ഒരു പ്രവർത്തിയും എംഎൽഎ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ പറയുന്നത്. അങ്ങനെയൊരു നിലപാട് അദ്ദേഹത്തിനുണ്ടെങ്കിൽ ഇത്തരമൊരു അനുമതി നവീകരണത്തിനായി ലഭിക്കുമായിരുന്നില്ലെന്ന് ക്ഷേത്രകമ്മിറ്റി സെക്രട്ടറി വിജയൻ പറഞ്ഞു.
ഗണപതി എന്നാൽ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ആളാണെന്നും അതുമായി തർക്കങ്ങളില്ലാതെ ജനങ്ങൾ സാഹോദര്യത്തോടെ വസിക്കുന്ന സ്ഥലമാണിതെന്നും ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പത്മനാഭൻ വ്യക്തമാക്കി.
Discussion about this post