ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ പിടികൂടി പോലീസ്. ബന്ദിപ്പോരയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഗ്രനേഡും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി നടത്തിയ വാഹന പരിശോധനയ്ക്കിടെയായിരുന്നു ലഷ്‌കർ ഭീകരനെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം മൂന്ന് ഭീകരരെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് നാലാമനെയും പിടികൂടിയത്. വിവരം ലഭിച്ചതിന് പിന്നാലെ ഖെൻസുവ ഗ്രാമത്തിൽ ചെക്‌പോയിന്റ് സ്ഥാപിച്ച് പോലീസ് വാഹന പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെ ഇയാൾ വാഹനവുമായി അവിടേയ്ക്ക് എത്തുകയായിരുന്നു. സംശയം തോന്നിയതോടെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് ഭീകര സംഘത്തിലെ കണ്ണിയാണെന്ന് വ്യക്തമായത്. ഇതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബന്ദിപ്പോരയിൽ വൻ ഭീകരാക്രമണം ആയിരുന്നു ഇവർ ആസൂത്രണം ചെയ്തിരുന്നത് എന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതോടെ സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ശ്രീനഗറിൽ നിന്നായിരുന്നു ഇയാളുടെ കൂട്ടാളികളായ മൂന്ന് ഭീകരരെയും പിടികൂടിയത്. ബരാമുള്ള സ്വദേശി ബാഗ് സ്വദേശി അഹമ്മദ് നജാർ, ശ്രീനഗർ സ്വദേശി ഖ്വമർവാരി, ബിജ്‌ബേഹര സ്വദേശി വക്കീൽ അഹമ്മദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി അറസ്റ്റിലായ ഭീകരന്റെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. നാല് പേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം.











