മുംബൈ: സീരിയലുകളും സിനിമകളുമെല്ലാം അമ്മായി അമ്മ- മരുമകൾ ബന്ധത്തെ ചിരവൈരികളായിട്ടാണ് പലപ്പോഴും ചിത്രീകരിക്കാറുള്ളത്. അവർ തമ്മിൽ ഉടലെടുക്കുന്ന സ്‌നേഹബന്ധത്തെ പലപ്പോഴും അവഗണിക്കാറാണ് പതിവ്. പല വീടുകളിലും അമ്മയും മകളെയും പോലെയാണ് പലരും കഴിഞ്ഞുവരുന്നത്. ഇപ്പോഴിതാ അമ്മായി അമ്മയെന്നാൽ അമ്മ തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് മുംബൈ സ്വദേശിനിയായ ഒരു അമ്മ. എഴുപതുകാരിയായ അമ്മായിയമ്മ തന്റെ വൃക്കകളിലൊന്ന് 43കാരിയായ മരുമകൾക്ക് നൽകിയാണ് ഉത്തമ മാതൃക തീർത്തിരിക്കുന്നത്.
പ്രഭ മോട്ട എന്ന അമ്മയാണ് താരം. മരുമകൾ അമീ ജിതേഷിനാണ് അമ്മ വൃക്ക ദാനം ചെയ്തത്. മോട്ട കുടുംബത്തിലെ മരുമകൾ അമീഷ ജിതേഷ് മോട്ടയുടെ (43) ഇരു വൃക്കകളും തകരാറിലായിരുന്നു. അവരുടെ അമ്മായിയമ്മ പ്രഭ കാന്തിലാൽ മോട്ടയുടെ (70) വൃക്കകൾ അമീഷയ്ക്ക് അനുയോജ്യമായിരുന്നു. സന്തോഷത്തോടെ തന്നെ ഈ അമ്മായിയമ്മ തന്റെ മരുമകൾക്ക് വൃക്ക ദാനം ചെയ്തു.
ചൊവ്വാഴ്ച നാനാവതി ആശുപത്രിയിലായിരുന്നു ഇരുവരുടെയും ശസ്ത്രക്രിയ. മരുമകൾ ഇപ്പോഴും ആശുപത്രിയിലാണ്.വെള്ളിയാഴ്ച ആശുപത്രിയിൽ നിന്ന് പ്രഭയെ ഡിസ്ചാർജ് ചെയ്തു. പൂജ നടത്തിയും പുഷ്പങ്ങൾ കൊണ്ട് വീട് അലങ്കരിച്ചുമാണ് പ്രഭയെ മൂത്ത മരുമകൾ വീട്ടിലേക്ക് സ്വാഗതം ചെയ്തതെന്നാണ് വിവരം.
എനിക്ക് പെൺമക്കളില്ല, എന്റെ മൂന്ന് മരുമക്കളെയും എന്റെ സ്വന്തം മക്കളെപ്പോലെയാണ് കാണുന്നത്. അമീഷ കരയുമ്പോൾ, അവൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നുവെന്ന് പ്രഭ പറഞ്ഞു. എന്റെ അമ്മ എന്നെ പ്രസവിച്ചു, എന്നാൽ എന്റെ അമ്മായിയമ്മ എനിക്ക് പുതിയൊരു ജീവിതമാണ് നൽകിയതനെന്ന് അമീഷ പറഞ്ഞു.
Discussion about this post