ഇടുക്കി: കിഴുകാനത്ത് വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് പോലീസിനെ രൂക്ഷമായി വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ രംഗത്ത് എത്തിയത്. പോലീസിന്റെ റിപ്പോർട്ടിൽ വ്യക്തയില്ലാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥരെ കമ്മീഷൻ നേരിട്ട് വിളിപ്പിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ഇൻ ചാർജ് ബീനാ കുമാരി ആണ് വിമർശനം ഉന്നയിച്ചത്. റിപ്പോർട്ട് പരിശോധിച്ച ശേഷം വ്യക്തതയില്ലെന്ന് നിരീക്ഷിക്കുകയായിരുന്നു. ഇതോടെയാണ് പോലീസിനെ രൂക്ഷമായി വിമർശിച്ചത്. യുവാവിന് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ഉടൻ ഉത്തരവ് ഉണ്ടാകുമെന്നും ബീനാ കുമാരി വ്യക്തമാക്കിയിട്ടുണ്ട്.
കിഴുകാനം സ്വദേശി സരുൺ സജിയെ ആണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചത്. കാട്ടിറച്ചി കൈവശം സൂക്ഷിച്ചുവെന്ന് ആരോപിച്ചായിരുന്നു സജിയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ നീക്കം നടത്തിയത്. എന്നാൽ സജി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ സംഭവം മാദ്ധ്യമ വാർത്തകൾ ആകുകയും ചെയ്തു.
ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ, സീനിയർ ഗ്രേഡ് ഡ്രൈവർ ജിമ്മി ജോസഫ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. എന്നാൽ ഇവർക്കെതിരെ ഇതുവരെ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. എന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും പോലീസ് തയ്യാറായിരുന്നില്ല. ഇതോടെയായിരുന്നു സരുൺ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
Discussion about this post