അബ്യാൻ: യെമനിൽ അൽഖ്വായ്ദ നടത്തിയ ബോംബ് ആക്രമണത്തിൽ സൈനിക കമാൻഡർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. സതേൺ ട്രാൻസിഷണൽ കൗൺസിൽ അംഗങ്ങളാണ് കൊല്ലപ്പെട്ട നാല് പേരും.
അബ്യാൻ പ്രവിശ്യയിലെ മുദിയായിലൂടെ സൈനിക വാഹന വ്യൂഹം കടന്ന് പോകവേ വഴിയരികിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. അൽഖ്വായ്ദയുമായി സായുധ ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹമാണ് ആക്രമിക്കപ്പെട്ടത്.
അബ്യാൻ പ്രവിശ്യയിലെ സുരക്ഷാ സേനകളുടെ ഏകോപന ചുമതലയുണ്ടായിരുന്ന കമാൻഡർ അബ്ദുൾ ലത്തീഫ് അൽ സയ്യിദാണ് കൊല്ലപ്പെട്ടവരിൽ പ്രമുഖൻ. അൽ ഖ്വായ്ദയുടെ നിരവധി ആക്രമണങ്ങൾ അതിജീവിച്ച കമാൻഡറായിരുന്നു അൽ സയ്യിദെന്ന് യെമനി അധികൃതർ അറിയിച്ചു.
അബ്യാനിലെ വാദി ഒമ്രാൻ മേഖലയിൽ നടന്ന അൽഖ്വായ്ദ ആക്രമണത്തിൽ കഴിഞ്ഞയാഴ്ച അഞ്ച് യെമനി സൈനികർ കൊല്ലപ്പെട്ടിരുന്നു. ഷാബ്വയിൽ ജൂണിൽ നടന്ന അൽഖ്വായ്ദ ആക്രമണത്തിൽ രണ്ട് സൈനികരും കൊല്ലപ്പെട്ടു.
2014ൽ ഇറാൻ പിന്തുണയോടെ ഹൂതി വിമതർ തലസ്ഥാന നഗരമായ സന പിടിച്ചെടുത്ത ശേഷം ശക്തമായ ഏറ്റുമുട്ടലുകൾ നടക്കുന്ന ദരിദ്ര രാജ്യമാണ് യെമൻ. രാജ്യത്ത് സ്വാധീനമുറപ്പിക്കാൻ അൽ ഖ്വായ്ദ ഉൾപ്പെടെയുള്ള ഭീകര സംഘടനകൾ നിരന്തരമായ പോരാട്ടങ്ങളിലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇവിടെ നടന്ന അമേരിക്കൻ വ്യോമാക്രമണത്തിൽ അൽഖ്വായ്ദ നേതാവ് ഹമാദ് ബിൻ ഹമൂദ് അൽ തമീമി കൊല്ലപ്പെട്ടിരുന്നു.
Discussion about this post